ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ജോസിന്റെ പോസ്റ്റർ..... ആരോപണ - പ്രത്യാരോപണവുമായി എൽ.ഡി.എഫ് - യു.ഡിഎഫ് നേതാക്കൾ

Saturday 14 February 2026 12:01 AM IST

കോട്ടയം : ജോസ് കെ.മാണി നയിക്കുന്ന എൽ.ഡി.എഫ് മദ്ധ്യമേഖല വികസനമുന്നേറ്റ ജാഥയുടെ പോസ്റ്റർ പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് മുകളിൽ പതിച്ചതിനെച്ചൊല്ലി എൽ.ഡി.എഫ് - യു.ഡിഎഫ് പോര് കനത്തു.

എൽ.ഡി.എഫിന്റെ അറിവോടെയാണ് പോസ്റ്റർ കല്ലറയ്ക്ക് മുകളിൽ പ്രത്യക്ഷപ്പെട്ടതെന്നും, ജോസ് കെ. മാണി സംഭവത്തിൽ പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവർ ആവശ്യപ്പെട്ടു. മരണശേഷവും എന്തിന് ഉമ്മൻചാണ്ടിയെ വേട്ടയാടുന്നുവെന്ന് തിരുവഞ്ചൂർ പ്രതികരിച്ചപ്പോൾ സംഭവത്തിൽ ഗൂഢാലോചനയെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.

അതേസമയം, തങ്ങൾക്ക് പങ്കില്ലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സി.പി.എമ്മും കേരള കോൺഗ്രസ് എമ്മും ഈസ്റ്റ് പൊലീസിൽ പരാതി നൽകി. പള്ളിയിലെ സി.സി ടി.വി പരിശോധനയിൽ മാനസികവൈകല്യമുള്ള ആളാണ് പോസ്റ്റർ പതിച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവം വേദനയുണ്ടാക്കിയെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു.

ഗൂഢാലോചന അന്വേഷിക്കണം : സി.പി.എം

സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും, സമഗ്ര അന്വേഷണം വേണമെന്നും സി.പി.എം ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥൻ ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പോസ്റ്റർ വച്ചിട്ട് തങ്ങൾക്ക് എന്ത് നേട്ടമാണുള്ളത്. കോൺഗ്രസ് പരാതി നൽകാത്തത് സംശയാസ്പദമാണ്. മാനസികവൈകല്യമുള്ള യുവാവിനെക്കൊണ്ട് മറ്റാരെങ്കിലും ബോധപൂർവം ചെയ്യിച്ചതാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.