കണക്ക് വിശദീകരിക്കേണ്ടത് ദേവസ്വം ബോർഡ് : വാസവൻ
കോട്ടയം : അയ്യപ്പ സംഗമത്തിന്റെ കണക്ക് ദേവസ്വം ബോർഡാണ് വിശദീകരിക്കേണ്ടതെന്ന് മന്ത്രി വി.എൻ.വാസവൻ. കൈകാര്യം ചെയ്യാത്ത കാര്യത്തെക്കുറിച്ച് എങ്ങനെ മറുപടി പറയാനാകും. സാമ്പത്തികം കൈകാര്യം ചെയ്തത് ബോർഡാണ്. അഡ്വാൻസ് പണം തിരിച്ചു കൊടുത്തെന്നാണ് ബോർഡിൽ നിന്ന് കിട്ടിയ മറുപടി. സ്‌പോൺസറുടെ പണം കൊണ്ടാണ് പരിപാടി നടന്നത്. സ്വയംഭരണാധികാരമുള്ള സംവിധാനമാണ് ദേവസ്വം ബോർഡ്. നിയമസഭയിൽ താൻ പറഞ്ഞത് ബോർഡ് രേഖാമൂലം തന്നതാണ്. കണക്കിൽ ഒന്നിലും ഇടപെട്ടിട്ടില്ല. കണക്കിൽ പിശകുണ്ടെങ്കിൽ കോടതി പറയട്ടെ. അന്വേഷണം നടത്തണം എന്ന് കോടതി പറഞ്ഞാൽ അന്വേഷിക്കും. അയ്യപ്പ സംഗമത്തിൽ നന്ദഗോവിന്ദം ഭജന നടന്നതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.
തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമം: പി.എസ്.പ്രശാന്ത്
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ സംഘാടന ചെലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ഇപ്പോൾ വന്നിരിക്കുന്ന റിപ്പോർട്ട് എന്തടിസ്ഥാനത്തിലാണെന്നത് അന്വേഷിക്കണം. അയ്യപ്പ സംഗമത്തിന്റെ സംഘാടനത്തിനായി ഇതുവരെ ചെലവഴിച്ചത് മൂന്നുകോടി മാത്രമാണ്. ഈ തുക പൂർണമായും സ്പോൺസർഷിപ്പായി കിട്ടിയതാണ്. ഒരുകോടി രൂപ കൂടി സ്പോൺസർഷിപ്പായി വന്നിട്ടുണ്ട്. 'മതപരമായ സമ്മേളനങ്ങൾ പ്രഭാഷണങ്ങൾ" എന്ന ഹെഡ്ഡിൽ നിന്ന് മൂന്നുകോടി രൂപ സംഘാടനത്തിനുവേണ്ടി അഡ്വാൻസായി എടുത്തിരുന്നു. സ്പോൺസർഷിപ്പ് കിട്ടിയ മുറയ്ക്ക് അത് 2025 ഒക്ടോബർ 17ന് കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതല്ലാതെ ഒരുരൂപ പോലും ഇതുവരെ ദേവസ്വം ബോർഡിൽ നിന്ന് ചെലവഴിച്ചിട്ടില്ലെന്ന് പി.എസ്.പ്രശാന്ത് വ്യക്തമാക്കി.