പട്ടാളത്തെ പറ്റിച്ച് ആനക്കൊമ്പുകൾ കട്ടോണ്ടുപോയി, ഡിജെ പാർട്ടി മറയാക്കി കടത്തിയത് 2 കോടി വിലയുള്ള കൊമ്പുകൾ

Saturday 14 February 2026 12:17 AM IST

തിരുവനന്തപുരം: അനുമതിയില്ലാതെ ഈച്ചപോലും കടക്കില്ല പാങ്ങോട് സൈനിക കേന്ദ്രത്തിൽ. അവിടെ മദ്രാസ് റെജിമെന്റിന്റെ ഓഫീസേഴ്സ് മെസിൽ ഡി.ജെ പാർട്ടിക്കിടെ രണ്ടുകോടി വിലയുള്ള രണ്ട് ആനക്കൊമ്പുകൾ മോഷ്ടിച്ചു. സൈന്യത്തിന് നാണക്കേടുണ്ടാക്കാൻ വേറെന്തുവേണം.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 2-മദ്രാസ് റജിമെന്റിന് കരസേനാ മേധാവിയുടെ കമൻഡേഷൻ ലഭിച്ചത് ആഘോഷിക്കാൻ ബുധനാഴ്ച രാത്രി നടത്തിയ പാർട്ടിക്കിടെയാണ് മോഷണം. കാറ്ററിംഗ്, ഡി.ജെ, ലൈറ്റിംഗ് എന്നിവയ്ക്കായി 19 പേർ പുറത്തു നിന്നെത്തിയിരുന്നു. വ്യാഴാഴ്ച പുലർച്ചെ മൂന്നുവരെ ആഘോഷം നീണ്ടു. മെസ്ഹാളിൽ സ്റ്റാൻഡിൽ ഘടിപ്പിച്ചിരുന്ന ആനക്കൊമ്പുകൾ നഷ്ടപ്പെട്ടത് രാവിലെയാണ് ശ്രദ്ധയിൽപ്പെട്ടത്.

തിരച്ചിൽ ഫലമില്ലാതായതോടെ, വ്യാഴാഴ്ച രാത്രി സിറ്റിപൊലീസ് കമ്മിഷണർ കെ.കാർത്തിക്കിനെ വിവരമറിയിച്ചു. സുബേദാർ ജി.എസ്.വിനോദിന്റെ പരാതിയിൽ വ്യാഴാഴ്ച അർദ്ധരാത്രി പൂജപ്പുര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർചെയ്തു. ഡി.ജെ.പാർട്ടിയുമായി ബന്ധപ്പെട്ടെത്തിയവരാണ് കവർച്ച നടത്തിയതെന്നാണ് എഫ്.ഐ.ആർ. ആ 19 പേരെ പൊലീസ് ചോദ്യംചെയ്തെങ്കിലും തുമ്പ് കിട്ടിയില്ല. കൂട്ടത്തിൽ പ്രായപൂർത്തിയാവാത്തവരുമുണ്ട്.

കെ.കാർത്തിക്കിന്റെ മേൽനോട്ടത്തിലും ഡി.സി.പി തപോഷ് ബസുമതാരി, കന്റോൺമെന്റ് അസി.കമ്മിഷണർ അജയ്‌നാഥ് എന്നിവരുടെ നേതൃത്വത്തിലും പ്രത്യേകസംഘം രൂപീകരിച്ചു. മോഷണത്തിനും അതിക്രമിച്ചുകടക്കലിനും 7 വർഷം തടവുശിക്ഷ കിട്ടാവുന്ന ബി.എൻ.എസ്-331(4),305(ഇ) വകുപ്പുകൾ ചുമത്തിയാണ് കേസ്.

സൈനികരെയും സംശയം

 രണ്ടു കൊമ്പുകൾക്കുംകൂടി 100കിലോയിലേറെ ഭാരമുള്ളതിനാൽ ഒന്നിലേറെപ്പേരുള്ള സംഘമാണ് കൊള്ളയ്ക്ക് പിന്നിലെന്നും സൈനികഉദ്യോഗസ്ഥർക്കും പങ്കുണ്ടാവാമെന്നും പൊലീസ്

 സൈനികകേന്ദ്രത്തിലെ മേധാവിയും റെജിമെന്റുകളുടെയും വിവിധ യൂണിറ്റുകളുടെയും മേധാവികളായ കമാൻഡിംഗ് ഓഫീസർമാരും ഉപമേധാവികളായ ഓഫീസർ കമാൻഡിംഗുമാരും കുടുംബാംഗങ്ങളുമടക്കം നൂറിലേറെപ്പേർ അതിഥികളായി പങ്കെടുത്തിരുന്നു. 2-മദ്രാസ് റജിമെന്റിലെ മുന്നൂറോളം പേരുമുണ്ടായിരുന്നു.

 പ്രവേശനകവാടത്തിൽ സി.സി ടി വി ക്യാമറ. സുരക്ഷാപരിശോധനയ്ക്ക് ശേഷമേ കയറാനാവൂ. പുറത്തു നിന്നുള്ളവർക്ക് മുൻകൂർ അനുമതിവേണം. റോഡിൽ നിന്ന് ഒന്നരകിലോമീറ്റർ ഉള്ളിലാണ് ഓഫീസേഴ്സ് മെസ്. പ്രധാനകവാടത്തിലൂടെയല്ലാതെ പുറത്തുകടക്കാനാവില്ല. ഇറങ്ങുമ്പോഴും സുരക്ഷാപരിശോധനയുണ്ട്.

വിരലടയാളം കിട്ടി

സി സി ടി.വിദൃശ്യങ്ങൾ പരിശോധിച്ച് തുമ്പുണ്ടാക്കാനാണ് ശ്രമം. ഫോറൻസിക് വിദഗ്ദ്ധരടക്കം പരിശോധന നടത്തി. സൈന്യം സമാന്തര അന്വേഷണവും തുടങ്ങി. മെസ് ഹാളിലെ ടീപ്പോയ്ക്കരികിൽ പ്രത്യേകസ്റ്റാൻഡിൽ മെമന്റോകൾക്കും ഫോട്ടോകൾക്കുമൊപ്പമാണ് ആനക്കൊമ്പുകൾ സൂക്ഷിച്ചിരുന്നത്. സമീപത്തുനിന്നായി പ്രതികളുടേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഡി.ജെ പാർട്ടിക്ക് വന്നുപോയ എല്ലാവരുടെയും വിരടലയാളം ഒത്തുനോക്കുന്നുണ്ട്.

1992ൽ സർക്കാരിന്റെ സമ്മാനം

സുരക്ഷിതമായി സൂക്ഷിക്കാൻ 1992ൽ സർക്കാർ കൈമാറിയതാണ് ആനക്കൊമ്പുകൾ. തിരികെയാവശ്യപ്പെട്ടാൽ നൽകാമെന്ന ഉറപ്പിലാണിത്. മറ്റ് യൂണിറ്റ് കേന്ദ്രങ്ങളിലും പ്രധാന ഓഫീസുകളിലും ആനക്കൊമ്പുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ആറുമാസം മുൻപ് കൂടുതൽ ആനക്കൊമ്പുകൾ തേടി വനംവകുപ്പിന് കത്ത് ലഭിച്ചിരുന്നെങ്കിലും കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ നൽകിയില്ല.

സംസ്ഥാനത്തിന് പുറത്തേക്ക് കടത്താൻ സാദ്ധ്യതയുണ്ട്. ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടും

റവാഡചന്ദ്രശേഖർ

പൊലീസ് മേധാവി