എം.സി റോഡിന് 5,217 കോടി കിഫ്ബി പണം, ശബരിപ്പാതയ്ക്ക് 1900 കോടി
കെ-സ്പെയ്സിന് 600 കോടി മൊത്തം പദ്ധതി അടങ്കൽ 1.10 ലക്ഷം കോടി
തിരുവനന്തപുരം: അങ്കമാലി- എരുമേലി ശബരി റെയിൽപ്പാത നിർമ്മിക്കാൻ സംസ്ഥാന വിഹിതമായ 1900 കോടിയും സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച തിരുവനന്തപുരം- അങ്കമാലി എം.സി റോഡ് വികസനത്തിനുള്ള 5,217കോടിയും കിഫ്ബി ഫണ്ടിൽ നിന്ന് നൽകാൻ തീരുമാനം. തിരുവനന്തപുരം വേളിയിലെ കെ-സ്പെയ്സ് നിർമ്മാണത്തിന് 600 കോടിയും അനുവദിക്കും. ഇതിനൊപ്പം മറ്റു ചില പദ്ധതികൾക്കായി 689 കോടിയും. മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ.എൻ.ബാലഗോപാൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് തീരുമാനം.
ഇതോടെ കിഫ്ബി ഏറ്റെടുത്ത മൊത്തം പദ്ധതികളുടെ അടങ്കൽ 1.10 ലക്ഷം കോടിയായി. നിയമസഭാ തിരഞ്ഞെടുപ്പ് കാലയളവിലും കിഫ്ബി പദ്ധതികൾ തടസമില്ലാതെ നടപ്പാക്കുന്നതിനുള്ള അനുമതി ബോർഡ് യോഗം കിഫ്ബി സി.ഇ.ഒ ഡോ.കെ.എം.എബ്രഹാമിന് നൽകി. കിഫ്ബിയുടെ നടപ്പ് സാമ്പത്തിക വർഷത്തേയും രണ്ടാം പിണറായി വിജയൻ സർക്കാരിന്റെയും കാലത്തെ അവസാനത്തെ ബോർഡ് യോഗമായിരുന്നു ഇന്നലത്തേത്.
കിഫ്ബിയിലൂടെ സംസ്ഥാനത്ത് 78,836 കോടി അടിസ്ഥാനസൗകര്യ വികസനത്തിനും 20,000 കോടി ഭൂമി ഏറ്റെടുക്കാനും നൽകിയിട്ടുണ്ടെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു. ഏറ്റെടുത്ത പദ്ധതികളുടെ ചെലവിനായി 38,608 കോടി നൽകി. ഇതിൽ 24,734 കോടിയുടെ പദ്ധതികൾ പൂർത്തിയായി. ഇതുവരെ കിഫ്ബിക്ക് 18,000 കോടിയുടെ വായ്പാബാദ്ധ്യതയാണുള്ളത്.
കിഫ്ബി ഏറ്രെടുക്കുന്ന
689 കോടിയുടെ മറ്റ് പദ്ധതികൾ
(തുക കോടിയിൽ)
തൃശൂർ ജനറൽ ആശുപത്രി വികസനം.................................... 136
തിരു. മാനസികാരോഗ്യ ആശുപത്രി.......................................... 87
കാനോലി കനാൽ......................................................................... 7.3
കോട്ടയം ലളിതാംബിക അന്തർജന സ്മാരകം............................. 25
തിരുവനന്തപുരത്ത് അയ്യാവൈകുണ്ഠസ്വാമി പ്രതിമ................ 3.16
വർക്കിംഗ് അറ്റ് ഹോം പദ്ധതി........................................................153
കായികസംവിധാനങ്ങളുടെ വികസനം....................................... 9.42
മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ........................................ 210
പണം നൽകാൻ കിഫ്ബി എന്ന സംവിധാനമില്ലായിരുന്നെങ്കിൽ സംസ്ഥാനത്ത് വികസനപദ്ധതികൾ മുടങ്ങിപ്പോകുമായിരുന്നു
-കെ.എൻ.ബാലഗോപാൽ,
ധനമന്ത്രി