മുഖ്യമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാജീവ് ചന്ദ്രശേഖർ

Saturday 14 February 2026 12:00 AM IST

ന്യൂഡൽഹി: കേരളത്തിലെ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ,​ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരുമായി സംവാദത്തിന് തയ്യാറാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഒന്നോ രണ്ടോ സീറ്റിൽ ജയിക്കാനല്ല,​ കേരളത്തിന്റെ ഭരണം പിടിക്കാനാണ് ബി.ജെ.പി മത്സരിക്കുന്നത്. പാർട്ടി രീതി അനുസരിച്ച് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. തിരുവനന്തപുരത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ബ്ലൂപ്രിന്റ് തയ്യാറാക്കിയിട്ടുണ്ട്. ഒറ്റദിവസം കൊണ്ടോ ഒരു തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടോ ചെയ്ത് തീർക്കേണ്ടവയല്ല. അഞ്ചുവർഷം കൊണ്ട് എല്ലാം പൂർത്തിയാക്കും. നുണപറഞ്ഞ് വോട്ട് നേടുന്നത് സി.പി.എമ്മും കോൺഗ്രസുമാണ്. ബി.ജെ.പിക്കും എൻ.ഡി.എയ്‌ക്കുമെതിരെ ജനങ്ങളുടെ മനസിൽ വിഷം കുത്തിവയ്‌ക്കാൻ ശ്രമിച്ചാൽ നടക്കില്ല. ശബരിമല ഉൾപ്പെടെ ക്ഷേത്രങ്ങളിലെ കൊള്ള അവസാനിക്കാൻ ബി.ജെ.പി അധികാരത്തിലെത്തണം. ദേവസ്വംബോർഡിന് കീഴിലുള്ള നിരവധി ക്ഷേത്രങ്ങളിൽ സമാനമായ കൊള്ള നടന്നത് ആരും അന്വേഷിച്ചില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.