കേരളം നഗരങ്ങളുടെ സംസ്ഥാനമായി മാറും , നഗര നയത്തിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം
Saturday 14 February 2026 12:26 AM IST
#നഗര നയം തയ്യാറാക്കിയ ആദ്യ സംസ്ഥാനം
തിരുവനന്തപുരം: തദ്ദേശ വകുപ്പ് തയ്യാറാക്കിയ കരട് നഗര വികസന നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നഗരനയ കമ്മിഷന്റെ കണക്ക് പ്രകാരം 2050 ഓടെ സംസ്ഥാനത്തിന്റെ 80 ശതമാനവും വികസിച്ച് നഗര തുല്യമാവും.
ക്ലൈമറ്റ്-സ്മാർട്ട് നഗരങ്ങളുടെയും പട്ടണങ്ങളുടെയും ഒരു തുടർ ശൃംഖലയാണ് വിഭാവനം ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനമുള്ളതിനാൽ, പരിസ്ഥിതിലോല പ്രദേശങ്ങളിലടക്കം നടക്കുന്ന നഗര വികസനത്തെ ശാസ്ത്രീയമായി സമീപിക്കുന്നതിനുളള അടിസ്ഥാന രേഖയായിരിക്കും നഗര നയം.
നഗരവൽക്കരണം സൃഷ്ടിക്കുന്ന മികച്ച സൗകര്യങ്ങൾ എല്ലാവർക്കും പ്രാപ്യമാവുന്ന മാതൃകയാണ് ലക്ഷ്യമിടുന്നത്. സാമൂഹികവും സ്ഥലപരവുമായ അസമത്വങ്ങൾ കുറയ്ക്കുന്നതും സാമൂഹിക പിന്തുണാ സംവിധാനങ്ങൾ ഉറപ്പ് വരുത്തുന്നതുമാണ് നഗരനയം. അടിസ്ഥാന സൗകര്യ വികസനത്തിനാണ് ആദ്യം ഉന്നൽ നൽകുന്നത്.