തൃശൂർ പൂരം കലക്കൽ: പൊലീസ് ഗൂഢാലോചന തള്ളി റിപ്പോർട്ട്

Saturday 14 February 2026 12:33 AM IST

#തിരുവമ്പാടി വീണ്ടും പ്രതിസ്ഥാനത്ത് # എ.ഡി.ജി.പി അജിത്തിന് ക്ളീൻചിറ്റ്

തൃശൂർ: പൊലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയെന്ന ആരോപണം പൂർണമായും തള്ളി തൃശൂർ പൂരം കലക്കൽ സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് റിപ്പോർട്ട് കൈമാറി.ആരോപണ വിധേയനായിരുന്ന എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെതിരെ പരാമർശമില്ലെന്നാണ് സൂചന. ഡി.ഐ.ജി തോംസൺ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.

അതേസമയം, ആദ്യഘട്ട അന്വേഷണത്തിൽ അന്വേഷണസംഘം പ്രതിക്കൂട്ടിലാക്കിയ തിരുവമ്പാടി ദേവസ്വത്തിനെതിരെ റിപ്പോർട്ടിൽ പരാമർ‌ശമുണ്ടെന്നാണ് വിവരം.

രാത്രി മഠത്തിൽവരവ് ചടങ്ങിനിടെ പൊലീസ് ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന് പറയുന്ന റിപ്പോർട്ടിൽ പൊലീസിന് ക്‌ളീൻചിറ്റ് നൽകുന്നുണ്ട്.

ഏകപക്ഷീയ തീരുമാനങ്ങളാണ് തിരുവമ്പാടിയുടേതെന്ന് കുറ്റപ്പെടുത്തുന്നു. തൊട്ടുമുമ്പ് നടന്ന തൃശൂർ പൂരത്തിനിടയിലും പൊലീസുമായി വാക്കുതർക്കം ഉണ്ടായിരുന്നുവെന്ന് എടുത്തുപറഞ്ഞിട്ടുണ്ട്. എ.ഡി.ജി.പി തലത്തിൽ വിലയിരുത്തിയശേഷമാവും ആസൂത്രിത നീക്കമുണ്ടായോ എന്ന് അന്തിമ നിഗമനത്തിലെത്തുക.

തീരുമാനം എടുക്കില്ല

തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ വിവാദത്തിൽ 2024 ഒക്ടോബറിലാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. 16 മാസം കഴിഞ്ഞാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. അടുത്തപൂരവും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തുവരുന്ന സാഹചര്യത്തിൽ ഈ റിപ്പോർട്ടിൽ അന്തിമ തീരുമാനമുണ്ടാകാൻ സാദ്ധ്യതയില്ല. സി.സി.ടി.വി, ഫോൺ എന്നിവയുടെ ശാസ്ത്രീയഫലം വന്നിട്ടില്ലെന്നാണ് വിശദീകരണം. എ.ഡി.ജി.പി റിപ്പോർട്ട് കോടതിക്ക് കൈമാറും. തുടർനടപടികൾ ഇതിന് ശേഷമാകും ഉണ്ടാകുക.

 പ്രതികരിക്കാനില്ല: തിരുവമ്പാടി

പൂരം കലക്കിയതുമായി ബന്ധപ്പെട്ട് തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തി റിപ്പോർട്ട് സമർപ്പിച്ചുവെന്ന വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാർ പറഞ്ഞു. ഇത് കേട്ടുകേൾവിയാണ്. ഔദ്യോഗികമായി റിപ്പോർട്ടിന്റെ വിവരങ്ങൾ പുറത്തുവരുമ്പോൾ പ്രതികരിക്കാമെന്നും സെക്രട്ടറി വ്യക്തമാക്കി.