കൂട്ടുകാരന് സ്‌നേഹഭവനമൊരുക്കി രാമപുരം ജെംസ് കോളേജ് വിദ്യാർത്ഥികൾ
പെരിന്തൽമണ്ണ: സുഹൃത്തിന് സൗഹൃദത്തിന്റെ വീടൊരുക്കി രാമപുരം ജെംസ് ആർട്സ് ആൻഡ് സയൻസ് (ഓട്ടോണമസ്) കോളേജ് എൻ.എസ്.എസ്. വിദ്യാർത്ഥികൾ. വീട് മഞ്ഞളാംകുഴി അലി എം.എൽ.എ. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സാന്നിദ്ധ്യത്തിൽ കൈമാറി.
സ്വന്തമായി വീടില്ലാത്ത സുഹൃത്തിന് വീടുണ്ടാക്കി നൽകാൻ നാലുമാസം മുമ്പാണ് എൻ.എസ്.എസ്. യൂണിറ്റ് തീരുമാനിച്ചത്. 50 രൂപ വീതമുള്ള കൂപ്പണുകളുണ്ടാക്കി വിദ്യാർത്ഥികൾ ഫണ്ട് ശേഖരണവും നടത്തി. കൂപ്പൺ വാങ്ങിയവരിൽനിന്ന് നറുക്കെടുപ്പിലെ വിജയിക്ക് സ്വർണനാണയം സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. 7.80 ലക്ഷം രൂപ ചെലവിലാണ് വീട് നിർമ്മിച്ചത്.
660 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് വറ്റലൂർ പ്രദേശത്ത് റോഡരികിലാണ് നിർമ്മിച്ചത്.
പ്രിൻസിപ്പൽ ഡോ. നവീൻ മോഹൻ, കൺട്രോളർ ഒഫ് എക്സാമിനേഷൻ കെ. മുഹമ്മദ് നവാസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി. ശീതൾ, വിവിധ ഡിപ്പാർട്ടുമെന്റ് തലവൻമാരായ അനൂസ് ബാബു, ജിജി ജോൺ, സ്റ്റാഫ് സെക്രട്ടറി എം. ജീവേഷ്, അദ്ധ്യാപകരായ പി.എസ്. സൗമ്യ, എം. ഷഹല, ലത്തീഫ് അസ്ലം, പദ്ധതി കോഓർഡിനേറ്റർമാരായ ഷാനിദ്, അദ്നാൻ തുടങ്ങിയവർ സംബന്ധിച്ചു.