പഴയ തട്ടകത്തിലേയ്ക്ക് കെ മുരളീധരൻ; വട്ടിയൂർക്കാവിൽ സീറ്റുറപ്പിച്ചു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ സീറ്റുറപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കോൺഗ്രസ് നേതൃത്വത്തെ നിലപാടറിയിച്ചു. കെ മുരളീധരൻ പഴയ തട്ടകത്തിലെത്തുന്നതോടെ വട്ടിയൂർക്കാവിൽ ത്രികോണ മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കും മുമ്പ് കെ.പി.സി.സി നേതൃയോഗം 15ന് രാവിലെ 10ന് എറണാകുളം ഡി.സി.സി ഓഫീസിൽ ചേരുമെന്നാണ് റിപ്പോർട്ട്. അതിനുമുമ്പ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാണ് ശ്രമം. കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നേക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ഞായറാഴ്ച അവധിയാണെന്നതു കൂടി പരിഗണിച്ചാണ് അന്ന് നേതൃയോഗം ചേരുന്നത്. രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെ.പി.സി.സി ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഡി.സി.സി പ്രസിഡന്റുമാർ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും. പുതുയുഗ യാത്രയുടെ വിലയിരുത്തൽ, കെ.പി.സി.സി സംഘടിപ്പിച്ച ഗൃഹസന്ദർശന പരിപാടിയുടെ അവലോകനം എന്നിവയും യോഗത്തിലുണ്ടാകും.