പറഞ്ഞുവിടുമ്പോൾ മാന്യതയുണ്ടാകണമെന്ന് പ്രേംകുമാർ; കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് മാറ്റിയതെന്ന് മന്ത്രി

Saturday 14 February 2026 1:57 PM IST

തിരുവനന്തപുരം: പാർട്ടി അംഗത്വമില്ലെങ്കിലും കഴിഞ്ഞ 35 വർഷമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പക്ഷത്ത് നിൽക്കുന്നയാളാണ് താനെന്ന് നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ. ക‌ർഷക സമരത്തെക്കുറിച്ചും ഇന്ധന വിലവർദ്ധനവിനെക്കുറിച്ചുമടക്കമുള്ള തന്റെ ചില ലേഖനങ്ങൾ, തന്റെ നിലപാടുകൾ തുടങ്ങിയവ കണ്ടാണ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കണമെന്ന് കോടിയേരി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടത്. അങ്ങനെയാണ് ചുമതലയിലേയ്ക്ക് വന്നതെന്നും പ്രേംകുമാർ വ്യക്തമാക്കി.

വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് പിന്നീടാണ് ചെയർമാൻ സ്ഥാനത്തെത്തിയത്. പതിനായിരം രൂപയായിരുന്നു അന്ന് ഓണറേറിയം ലഭിച്ചത്. സിനിമ ചെയ്യാതെ പൂ‌ർണ സമയവും ഇതിനായി ചെലവഴിച്ചു. അത്രയും അർപ്പണബോധത്തോടെ ചെയ്ത പ്രവൃത്തിയിൽ നിന്ന് പറഞ്ഞുവിടുമ്പോൾ മാന്യതയുണ്ടാകണമെന്ന് പ്രേംകുമാർ ഇന്നും മാദ്ധ്യമങ്ങളോട് ആവർത്തിച്ചു.

തുടർഭരണം പാടില്ലെന്ന് പറഞ്ഞ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ കെ. സച്ചിദാന്ദനെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കാത്തത് ഇരട്ട നീതിയാണെന്ന് പ്രേംകുമാർ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ആശാ സമരത്തെ അനുകൂലിച്ചതിന്റെ പേരിലാണ് തന്നെ ചലച്ചിത്ര അക്കാഡമി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത്. തനിക്ക് ഇല്ലാത്ത എന്തോ അദ്ഭുത സിദ്ധി സച്ചിദാനന്ദന് ഉണ്ടെന്നും പ്രേംകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു. ചലച്ചിത്ര മേളയുടെയും സിനിമാ അവാർഡ് നിർണയത്തിന്റെയും ഒരുക്കങ്ങൾക്കിടെ ഒരു അറിയിപ്പും കൂടാതെയാണ് തന്നെ മാറ്റിയതെന്നും പ്രേംകുമാർ ആരോപിച്ചിരുന്നു.

ഇതിനിടെ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അക്കാദമി ഭരണസമിതിയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്ന് സ്വാഭാവികമായ നടപടിക്രമമെന്ന നിലയിലാണ് പുതിയ സമിതിയെ തിരഞ്ഞെടുത്തത്. ഇന്ത്യൻ സിനിമാ ലോകത്തിന്റെ തന്നെ അഭിമാനമായ റസൂൽ പൂക്കുട്ടിയാണ് അടുത്ത ചെയർമാൻ ആയി സ്ഥാനം ഏറ്റെടുത്തത്. ഈ നിയമനം പ്രേംകുമാറും അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്തതാണ്. കാലാവധി കഴിഞ്ഞ ഒരു സമിതിക്ക് പകരം മറ്റൊന്ന് വരുന്നത് ഭരണപരമായ ഒരു പ്രക്രിയ മാത്രമാണ്. അല്ലാതെ പ്രേം കുമാറിനെ സ്ഥാനത്തുനിന്നും മാറ്റുകയോ ഒഴിവാക്കുകയോ ചെയ്തതല്ലെന്ന് മന്ത്രി വ്യക്തമാക്കി.