'രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും മാപ്പുപറയേണ്ടി വരും'; ആഗോള അയ്യപ്പ സംഗമത്തിൽ നിലപാടിലുറച്ച് മന്ത്രി വി എൻ വാസവൻ

Saturday 14 February 2026 2:34 PM IST

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് ആവർത്തിച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ. ദേവസ്വം മുൻകൂറായി നൽകിയ പണം തിരിച്ചടച്ചത് സംബന്ധിച്ച് നിയമസഭയിൽ നൽകിയ മറുപടി ശരിയാണെന്നും കൃത്യമായി ദേവസ്വം ബോര്‍ഡ് പണം തിരിച്ചു നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

'കൂടുതൽ കാര്യങ്ങള്‍ പരിശോധിച്ചശേഷം പറയാം. കോൺഗ്രസ് നേതാക്കളായ രമേശ്‌ ചെന്നിത്തലയും കെ സി വേണുഗോപാലും അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകളിൽ പൊതുജനങ്ങളോട് മാപ്പ് പറയേണ്ടി വരും. ശബരിമല സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയവര്‍ക്കാണ് ഇപ്പോള്‍ സങ്കടം.

ശബരിമലയിലെ കൊടിമര നിര്‍മാണവുമായി ബന്ധപ്പെട്ട കേസ് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. അതിന്റെ അന്വേഷണം വരുമ്പോൾ കൂടുതൽ കാര്യങ്ങൾ ബോധ്യമാകും. ചില ഗൂഢാലോചനകൾ നടന്നിട്ടുണ്ട്. ആഗോള അയ്യപ്പ സംഗമം നടന്നതുകൊണ്ടാണ് കള്ളത്തരങ്ങളെല്ലാം പുറത്തുവന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മരിച്ചിട്ടും വേട്ടയാടുന്നു എന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രസ്താവന തിരുത്തണം.

തിരുവഞ്ചൂർ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഉയർത്തുകയാണ്. ഉമ്മൻചാണ്ടി ജീവിച്ചിരുന്നപ്പോൾ വേട്ടയാടിയത് തിരുവഞ്ചൂർ രാധാകൃഷ്ണനാണെന്ന് ഉമ്മൻ ചാണ്ടിയുടെ ഭാര്യ തന്നെ പറഞ്ഞിട്ടുണ്ട്. ഉമ്മൻചാണ്ടി ജീവിച്ചിരുന്നപ്പോൾ വേദനിപ്പിച്ച ആളാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. വേട്ടയാടൽ നടത്തിയ തിരുവഞ്ചൂർ തന്നെ ഇത് പറയുന്നത് ഭൂഷണം അല്ല. യാഥാർത്ഥ്യങ്ങൾ നിലനിൽക്കുമ്പോൾ ഇങ്ങനെയുള്ള പ്രസ്താവനകൾ ശരി ആണോ? ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ഫ്ലക്‌സ് വച്ച സംഭവത്തിൽ എൽഡിഎഫിനോ സിപിഎമ്മിനോ പങ്കില്ല'- മന്ത്രി പറഞ്ഞു.