നടപ്പാതയിലാണ് ബസ് സ്റ്റോപ്പ്, ഗതികേടിലായി കാൽനടക്കാർ
കൊച്ചി: വെളുക്കാൻ തേച്ചത് പാണ്ടായെന്ന് പറഞ്ഞ പോലൊരു ബസ് സ്‌റ്റോപ്പ്... അങ്ങനെയൊരു ബസ് സ്റ്റോപ്പുണ്ട് എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ. നഗരത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നിൽ പുതിയതായി നിർമ്മിച്ച മികച്ച സൗകര്യങ്ങളോടെയുള്ള ബസ് സ്‌റ്റോപ്പാണ് ജനങ്ങൾക്ക് തലവേദന ആകുന്നത്. നടപ്പാത പൂർണമായും കൈയേറിയാണ് പുത്തൻ ബസ് സ്റ്റോപ്പിന്റെ നിർമ്മാണം.
ഹൈബി ഈഡൻ എം.പിയുടെ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. ഫാനുകളും നല്ല ഇരിപ്പിടങ്ങളും മൊബൈൽ ചാർജിംഗ് പോയിന്റുകളും എല്ലാം ഉൾപ്പെടെയാണ് ബസ് സ്റ്റോപ്പ് നിർമ്മിച്ചത്. നാലു വശവും അടച്ചുകെട്ടി ചില്ലിട്ട് നിർമ്മിച്ചിരിക്കുന്ന ബസ് സ്റ്റോപ്പ് നടപ്പാതയിലായതോടെ ജനങ്ങളുടെ നടപ്പ് റോഡിലൂടെയായി.
കലൂരിൽ നിന്നും വൈപ്പിൻ ഭാഗത്ത് നിന്നുമുള്ള ബസുകളും മറ്റ് വാഹനങ്ങളുമെല്ലാം സംഗമിക്കുന്ന സ്ഥലത്ത് വരാപ്പുഴ ബിഷപ്പ് ഹൗസിന് സമീപത്താണ് ബസ് സ്റ്റോപ്പ്. പ്രവൃത്തി ദിവസങ്ങളിൽ ജോലിക്കാരുടെയും സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളുടെയും വൻ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ബസുകൾ വളരെ വേഗത്തിൽ വന്ന് നിറുത്തുന്നതും ഇവിടെയാണ്.
ഈ ബസ് സ്റ്റോപ്പിൽ യാത്രക്കാർ സാധാരണയായി നിൽക്കുന്നത് ഈ ഫുട്പാത്തിലായിരുന്നു. ഒരുപാട് ആളുകളെ ഉൾക്കൊള്ളാനുള്ള സ്ഥലം പുതിയ ബസ് സ്റ്റോപ്പിൽ ഇല്ല. അതിനാൽ തന്നെ ബസ് കാത്തുനിൽക്കുന്നവർ ഇപ്പോൾ റോഡിലേക്ക് ഇറങ്ങിയാണ് നിൽക്കുന്നത്. അതിനാൽ അപകട സാദ്ധ്യത ഏറെയാണ്.
നടപ്പാത കൈയേറിയുള്ള നിർമ്മാണങ്ങൾ
എം.ജി. റോഡ് : മെട്രോ സ്റ്റേഷനുകൾക്ക് സമീപവും പ്രധാന ജംഗ്ഷനുകളിലും നിർമ്മിച്ചിട്ടുള്ള ചില ബസ് സ്റ്റോപ്പുകൾ നടപ്പാതയുടെ ഭൂരിഭാഗവും കവരുന്നുണ്ട്. ഇത് തിരക്കുള്ള സമയങ്ങളിൽ കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കാൻ കാരണമാകുന്നു.
കലൂർ - കടവന്ത്ര റോഡ്: ഈ ഭാഗത്തെ വീതി കുറഞ്ഞ നടപ്പാതകളിൽ പുതിയ ഡിസൈനിലുള്ള ബസ് ഷെൽട്ടറുകൾ വന്നതോടെ കാൽനടയാത്രക്കാർക്ക് വഴിയില്ലാത്ത അവസ്ഥയായി.
വൈറ്റില ജംഗ്ഷൻ: വൈറ്റില ഹബ്ബിന് പുറത്തുള്ള ചില സ്റ്റോപ്പുകൾ നടപ്പാതകളെ തടസപ്പെടുത്തുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
പാലാരിവട്ടം - പൈപ്പ്ലൈൻ റോഡ്: ഇവിടെയും സമാനമായ രീതിയിൽ കാൽനടയാത്രക്കാരുടെ അവകാശം ഹനിച്ചുകൊണ്ടുള്ള നിർമ്മാണങ്ങൾ കാണാം.