തിരഞ്ഞെടുപ്പ് ‘ചൂടിൽ’ പൊലീസ്: റൗഡികളെ അറസ്റ്റ് ചെയ്ത് പരിശോധന

Sunday 15 February 2026 12:52 AM IST

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ റൗഡികളെ കസ്റ്റഡിയിലെടുത്തുള്ള പരിശോധനയ്ക്ക് തുടക്കമായി. കൊച്ചി സിറ്റി, എറണാകുളം റൂറൽ പരിധിയിൽപ്പെട്ട റൗഡികളെയാണ് പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുന്നത്. താക്കീതെന്ന നിലയിലാണ് നടപടി. ഓരോ പൊലീസ് സ്റ്റേഷനിലും നിലവിലുള്ള റൗഡി പട്ടികയിൽപ്പെട്ട മുൻകാല കുറ്റവാളികൾ ഉൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തുന്നുണ്ട്. വനിതാ റൗഡികളും ഇതിൽപ്പെടുമെന്ന് പൊലീസ് അറിയിച്ചു. നിരവധി കേസുകളിൽ പ്രതിയായ പാഞ്ചാലിയെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചാണ് വിവരങ്ങൾ ശേഖരിച്ചത്.

കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്ന താക്കീതോടെയാണ് ഇവരെ വിട്ടയക്കുന്നത്. മുഴുവൻ റൗഡികളുടെയും പേരിൽ എഫ്.ഐ.ആറും രജിസ്റ്റർ ചെയ്യുന്നുണ്ട്. സംശകരമായ സാഹചര്യത്തിലും കുറ്റകൃത്യം നടത്തണമെന്ന ഉദ്ദേശ്യത്തോടെ കാണപ്പെട്ടതിനെ തുടർന്നും കസ്റ്റഡിയിലെടുത്തെന്ന് കാട്ടിയാണ് കേസെടുക്കുന്നത്. റൗഡികളെ പരിശോധിച്ച് അവരുടെ തത്‌സ്ഥിതി ശേഖരിക്കുന്ന നടപടി ഇന്നത്തോടെ പൂർത്തീകരിക്കാനാണ് എസ്.എച്ച്.ഒമാർക്ക് കിട്ടിയ നിർദ്ദേശം. സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് പരിശോധനാ പുരോഗതി നേരിട്ട് വിലയിരുത്തുന്നു.

അടുത്ത ഘട്ടമായി സ്ഥിരം പ്രശ്നക്കാരായ കുറ്റവാളിക്കൊണ്ട് ബോണ്ട് വയ്പ്പിക്കുന്ന നടപടിക്ക് തുടക്കമാകും. കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാദ്ധ്യതയുള്ളവരുടെ പട്ടിക പൊലീസ് സ്റ്റേഷൻ അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുണ്ട്. ഫോർട്ട് കൊച്ചി ആർ.ടി.ഒ കോടതിയിലാണ് ഇവർ ബോണ്ട് വയ്ക്കേണ്ടത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന ഉറപ്പുസഹിതമാണ് ബോണ്ട്. ഇത് ലംഘിച്ചാൽ ബോണ്ട് തുക നഷ്ടമാകുന്നതിനൊപ്പം ജയിലിൽ അടയ്ക്കാനും വകുപ്പുണ്ട്.

വാറണ്ട് കേസുകളിൽ മുങ്ങിനടക്കുന്ന പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള പ്രത്യക റെയ്ഡുകൾക്കും ഉടൻ തുടക്കമാകും. എൽ.പി വാറണ്ട് കേസുകളിൽ ഒളിവിൽ കഴിയുന്ന പ്രതികൾ വോട്ട് ചെയ്യാനെത്തുന്ന സാദ്ധ്യത ഒഴിവാക്കാനാണിത്.