കഞ്ചിക്കോട് മലബാർ ഡിസ്റ്റിലറി പ്രവർത്തനം തുടങ്ങുന്നു

Sunday 15 February 2026 1:58 AM IST
കഞ്ചിക്കോട് മേനോൻപാറയിലെ മലബാ‌ർ ഡിസ്റ്റിലറീസ് ലിമിറ്റഡ്.

കഞ്ചിക്കോട്: സ്വന്തം പ്ലാന്റിലെ വെള്ളം കൊണ്ട് മദ്യം നിർമ്മിക്കാൻ ഒരുങ്ങി മലബാർ ഡിസ്റ്റിലറി. ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കഞ്ചിക്കോട് മേനോൻപാറയിൽ മലബാർ ഡിസ്റ്റിലറി യാഥാർത്ഥ്യമാവുകയാണ്. മഴ വെള്ള സംഭരണികൾ നിർമ്മിച്ച് അതിലെ വെള്ളം ഉപയോഗിച്ച് മദ്യം നിർമ്മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പൊതുമേഖലാ സ്ഥാപനം പ്രവർത്തനം തുടങ്ങുന്നത്. ഈ മാസം 21 ന് പ്ലാന്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തുടക്കത്തിൽ താൽക്കാലിക സംവിധാനം എന്ന നിലയിൽ വാട്ടർ അതോറിറ്റി മലമ്പുഴ വെള്ളം ടാങ്കറിൽ എത്തിച്ച് നൽകും. മഴ വെള്ള സംഭരണികൾ യാഥാർത്ഥ്യമാകുന്നതോടെ ടാങ്കർ വെള്ളം നിറുത്തും. കുന്നം കാട്ടു പതി ജല പദ്ധതിയിലെ വെള്ളം ഉപയോഗിച്ച് ഡിസ്റ്റിലറി പ്രവർത്തിപ്പിക്കാനാണ് തുടക്കത്തിൽ ഉദ്ദേശിച്ചിരുന്നത്. എലപ്പുള്ളി, വടകരപ്പതി പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം കണക്കിലെടുത്ത് അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇതിന് പകരമായാണ് മഴവെള്ള സംഭരണി നിർമ്മിക്കാൻ തീരുമാനിച്ചത്.

 വെള്ളം മഴവെള്ള സംഭരണിയിൽ നിന്ന്

സ്വന്തം സ്ഥലത്ത് മഴ വെള്ള സംഭരണി നിർമ്മിക്കാനുള്ള അനുമതി മലബാർ ഡിസ്റ്റിലറിക്ക് ലഭിച്ചിട്ടുണ്ട്. അഹല്യ മോഡലിൽ ആയിരിക്കും ഇവിടെ മഴ വെള്ള സംഭരണി നിർമ്മിക്കുക. പഴയ ചിറ്റൂർ ഷുഗർ ഫാക്ടറിയാണ് മലബാർ ഡിസ്റ്റിലറിയായി പരിവർത്തനപ്പെട്ടത്. ഷുഗർ ഫാക്ടറിയുടെ ഉടമസ്ഥതയിലുള്ള വിശാലമായ സ്ഥലം ഇപ്പോൾ മലബാർ ഡിസ്റ്റിലറിക്ക് സ്വന്തമാണ്. ഈ പ്രദേശം മഴ വെള്ള സംഭരണത്തിന് അനുകൂലമാണെന്നും ധാരാളം വെള്ളം സംഭരിക്കാൻ കഴിയുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. പരിസരത്തെ സ്ഥാപനമായ അഹല്യയിൽ വിജയകരമായി നടപ്പാക്കിയ പദ്ധതി അതേ രീതിയിൽ ഇവിടെയും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.