ഇടതുകോട്ടയിൽ ജനപ്രീതിയുടെ പരീക്ഷ; ആലത്തൂർ പിടിക്കാൻ തലപുകച്ച് കോൺഗ്രസ്
വടക്കഞ്ചേരി: 'കാറ്റിലും കോളിലും ഉലയാത്ത കോട്ട" എന്ന സി.പി.എമ്മിന്റെ പഴയ വിശേഷണം ഒരിക്കൽ മാത്രമാണ് ആലത്തൂരിൽ തെറ്റിയത് 1991ൽ. അതിന് ശേഷം ആലത്തൂർ നിയമസഭാ മണ്ഡലം എൽ.ഡി.എഫിന്റെ ഉറച്ച അടിത്തറയായി തുടരുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് വീണ്ടും അടുത്തെത്തുമ്പോഴും ആ ആത്മവിശ്വാസത്തിൽ വലിയ കുറവൊന്നും മുന്നണിക്കില്ല. സിറ്റിംഗ് എം.എൽ.എ കെ.ഡി.പ്രസേനന്റെ ജനപ്രീതിയും തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലങ്ങളും എൽ.ഡി.എഫിന് ആലത്തൂരിൽ ശക്തമായ അടിത്തറയുണ്ടെന്ന് വ്യക്തമാക്കുന്നു. മണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും സി.പി.എമ്മിന് ഭരണം നിലനിറുത്താനായി. കോൺഗ്രസ് ഭരിച്ചിരുന്ന കുഴൽമന്ദം പിടിച്ചെടുക്കുകയും ചെയ്തു. തേങ്കുറുശ്ശി, എരിമയൂർ, ആലത്തൂർ, മേലാർകോട്, വണ്ടാഴി, കിഴക്കഞ്ചേരി ഗ്രാമപ്പഞ്ചായത്തുകൾ എൽ.ഡി.എഫ് നിലനിറുത്തി. ഗ്രാമപഞ്ചായത്ത് വാർഡ് തലത്തിൽ എൽ.ഡി.എഫ് 88 സീറ്റുകളും യു.ഡി.എഫ് 38 സീറ്റുകളും എൻ.ഡി.എ ഏഴ് സീറ്റുകളും സ്വതന്ത്രർ മുന്നെണ്ണം സീറ്റുകളും നേടി. വോട്ടുനില കണക്കിലെടുക്കുമ്പോൾ എൽ.ഡി.എഫിന് 18,685 വോട്ടിന്റെ ലീഡുണ്ട്. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.ഡി. പ്രസേനൻ നേടിയ 34,118 വോട്ടിന്റെ ഭൂരിപക്ഷത്തേക്കാൾ കുറവാണെങ്കിലും, അടിത്തറ ഇപ്പോഴും ഉറച്ചതാണെന്ന സൂചനയാണ് ഇത്. തുടർഭരണം ലക്ഷ്യമിടുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി നിർണയത്തിൽ രണ്ടുടേം നിയന്ത്രണം ഒഴിവാക്കിയാൽ കെ.ഡി.പ്രസേനന് വീണ്ടും അവസരം ലഭിക്കുമെന്ന കണക്കുകൂട്ടലാണ് ശക്തം. പ്രസേനനെ ഒഴിവാക്കിയാൽ സി.പി.എം ജില്ലാസെക്രട്ടറി ഇ.എൻ.സുരേഷ് ബാബു, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.എം.ശശി, ആലത്തൂർ ഏരിയാസെക്രട്ടറി സി. ഭവദാസൻ എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്. യുവജനവനിതാ പ്രാതിനിധ്യത്തിന്റെ ഭാഗമായി ജില്ലാപഞ്ചായത്തംഗം ഷിബി കൃഷ്ണയും പരിഗണിക്കപ്പെടുന്നുണ്ട്. മറുവശത്ത് കോൺഗ്രസിൽ അരഡസനോളം പേരുകൾ സാധ്യതാപട്ടികയിലുണ്ട്. ജില്ലാപഞ്ചായത്തംഗം കെ.എം.ഫെബിൻ, ഡി.സി.സി സെക്രട്ടറി എസ്.കൃഷ്ണദാസ്, കെ.സി.പ്രീത്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രതീഷ് മാധവൻ, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി തൃപ്പാളൂർ ശശി, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച പാളയം പ്രദീപ് എന്നിവരുടെ പേരുകൾ കേൾക്കുന്നു. ബി.ജെ.പി കഴിഞ്ഞ പ്രാവശ്യം പാലക്കാട് ഈസ്റ്റ് ജില്ലാപ്രസിഡന്റ് പ്രശാന്ത് ശിവനെയാണ് സ്ഥാനാർത്ഥിയാക്കിയത്. ഇക്കുറി പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എം.കെ.ലോകനാഥൻ, ജില്ലാസെക്രട്ടറി എ.കെ.ഓമനക്കുട്ടൻ, നിയോജക മണ്ഡലം പ്രസിഡന്റ് എം.ബി.ശ്രീനിവാസ് എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.