കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം: മുഖ്യമന്ത്രി

Sunday 15 February 2026 12:22 AM IST

കൊച്ചി: വ്യവസായ സൗഹൃദ സംസ്ഥാനം എന്നതിനുമപ്പുറം നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്ന്മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിൽ ഫോർസ വെയർഹൗസിംഗിന്റെ ഡ്രൈവർ ലോജിസ്റ്റിക്‌സ് വെയർ ഹൗസ് ഫെസിലിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദാവോസ് ഉച്ചകോടിയിൽ 1,18,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് കേരളത്തിനു ലഭിച്ചത്. നമ്മുടെ നാടിന്റെ ഒരുമയും ഐക്യവും പശ്ചാത്തല സൗകര്യവികസനവും പ്രകൃതിഭംഗിയും സംരംഭകരെ ആകർഷിക്കുന്നു. ഏതാനും ദിവസം മുൻപ് ആന്ധ്രാപ്രദേശിലെ വൻകിട വ്യവസായ ഗ്രൂപ്പ് കേരളത്തിലെത്തുകയും മൂന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നൽകുകയും ചെയ്തു. ഇതുപോലെ സമാധാനമുള്ള സ്ഥലം വേറെയില്ലെന്നാണ് അവരുടെ വിലയിരുത്തൽ. വിമാനത്താവളവും മെട്രോ റെയിലും വാട്ടർ മെട്രോയും കെമിക്കൽ പാർക്കും ഇൻഫോ പാർക്കും എല്ലാം ചേർന്നുള്ള കൊച്ചിയുടെ വികസന ലക്ഷ്യങ്ങളുമായി ഇണങ്ങുന്നതാണ് വെയർഹൗസിംഗ് സംരംഭമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി, കളമശ്ശേരി മുനിസിപ്പൽ ചെയർമാൻ ജമാൽ മണക്കാടൻ, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, ഡ്രൈവർ ലോജിസ്റ്റിക്‌സ് ചെയർമാൻ ആഷിക് കൈനിക്കര തുടങ്ങിയവർ പങ്കെടുത്തു.