കേരള ഗ്രാഫിൻ നയത്തിന് അംഗീകാരം
കളമശേരി: വ്യവസായ-സാങ്കേതിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന സംസ്ഥാന സർക്കാരിന്റെ കേരള ഗ്രാഫിൻ നയത്തിന് അംഗീകാരം. അത്ഭുതവസ്തു എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രാഫിനിന്റെ ഗവേഷണം. വികസനം, വ്യാവസായിക ഉത്പാദനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കേരളത്തെ ഈ മേഖലയിലെ ആഗോള കേന്ദ്രമാക്കാനാണ് ശ്രമമെന്ന് വ്യവസായ മന്ത്രി പി.രാജീവ് കളമശേരിയിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു.
ഒന്നാം ഘട്ടത്തിൽ ഇന്ത്യ ഇന്നവേഷൻ സെന്റർ ഫോർ ഗ്രാഫീൻ സ്ഥാപിക്കും.രണ്ടാം ഘട്ടത്തിൽ ഗ്രാഫിൻ പൈലറ്റ് പ്ലാന്റും ഗ്രാഫിൻ അറോർ പദ്ധതിയും നടപ്പാക്കും. മൂന്നാം ഘട്ടത്തിൽ വലിയ തോതിലുള്ള ഉത്പാദനത്തിനായി ഇൻഡസ്ട്രിയൽ പാർക്ക് ഒരുക്കും.
ഗ്രാഫീൻ ഗവേഷണത്തിനായി ഓക്‌സ്‌ഫോർഡ്, എഡിൻബറോ തുടങ്ങിയ പ്രമുഖ വിദേശ സർവകലാശാലകളുമായി കേരള ഡിജിറ്റൽ സർവകലാശാല ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.
ഗ്രാഫീൻ വിദ്യ ഉപയോഗിച്ച് പുതിയ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനും നിലവിലുള്ള വ്യവസായങ്ങളായ റബ്ബർ, പ്ലാസ്റ്റിക്, കയർ തുടങ്ങിയവയിൽ ഗ്രാഫീൻ സാങ്കേതികവിദ്യ ഉൾച്ചേർക്കുന്നതിനും മുൻഗണന നൽകും.
ആനുകൂല്യങ്ങൾ
സർക്കാർ വ്യവസായ പാർക്കുകളിൽ ഗ്രാഫീൻ യൂണിറ്റുകൾക്ക് ഭൂമിയുടെ വിലയിൽ 50 ശതമാനം കിഴിവ് നൽകും. തുക അഞ്ച് ഗഡുക്കളായി അടയ്ക്കാനും സൗകര്യമുണ്ടാകും. കുറഞ്ഞ പലിശയിലുള്ള എം.എസ്.എം.ഇ വായ്പകൾ, മൂലധന സബ്‌സിഡി (45 ശതമാനം വരെ), സ്റ്റാമ്പ് ഡ്യൂട്ടി-രജിസ്ട്രേഷൻ ഫീസുകളിൽ 100 ശതമാനം ഇളവ് എന്നിവ ലഭ്യമാക്കും. ഏപ്രിൽ ഒന്നിന് നയം നടപ്പാകും.