65കാരിയെ മർദ്ദിച്ച് 10 പവൻ കവർന്ന 4 പേർ പിടിയിൽ

Sunday 15 February 2026 12:27 AM IST

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ 65കാരിയെ മർദ്ദിച്ച് 10 പവൻ കവർന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേർ പിടിയിൽ. മണക്കാട് ശ്രീവരാഹം മുക്കോലയ്ക്കൽ ശ്രീശിവം റസിഡൻസി ഹൗസ് നമ്പർ 5ൽ ചന്ദ്രയാണ് ആക്രമണത്തിനിരയായത്. കൊഞ്ചിറ കടുവാക്കുഴി വിളയിൽ വീട്ടിൽ ശരത് (34), കൊടുങ്ങാനൂർ നെട്ടയം മുളവുകാട് വീട്ടിൽ രാജൻ (63), നെടുമങ്ങാട് ചുള്ളിമാനൂർ കൊറളിയൂർ മേലെപുത്തൻവീട്ടിൽ ഷീബ (42), മുക്കോലയ്ക്കൽ ടി.സി 49/154-1ശ്രീശിവ റസിഡൻസിയിൽ റീന (43)എന്നിവരാണ് പിടിയിലായത്.

ചന്ദ്ര താമസിക്കുന്ന അപ്പാർട്ട്മെന്റിലെ താഴത്തെ നിലയിലെ താമസക്കാരിയാണ് റീന. വെള്ളിയാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. സംഭവമറിഞ്ഞെത്തിയ പൊലീസ് സ്ഥലത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രിയോടെ തമിഴ്നാട് കുഴിത്തുറയിൽ നിന്നും ഇവരെ പിടികൂടുകയായിരുന്നു. കേസിൽ ബാബു എന്നയാളെക്കൂടി കണ്ടെത്താനുണ്ട്. അപ്പാർട്ട്മെന്റിൽ ചന്ദ്രയും മകൻ വിഷ്ണു‌വുമാണ് താമസിക്കുന്നത്. എയർഇന്ത്യയിൽ ഫിനാൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന വിഷ്ണു രാവിലെ ജോലിക്ക് പോയശേഷമാണ് കവർച്ചാസംഘമെത്തിയത്.

പ്ലാൻ തയ്യാറാക്കിയത് റീന

വെൺപാലവട്ടം ഭാഗത്തെ ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്ന ശരത്, അവിടെ സ്ഥിരമായി എത്തിയിരുന്ന ഷീബയെ പരിചയപ്പെട്ടു. ഷീബ തന്റെ ബന്ധുവായ റീനയെ പരിചയപ്പെടുത്തി. ചന്ദ്ര പതിവായി സ്വർണാഭരണങ്ങൾ ധരിക്കുമെന്ന വിവരം റീന പലപ്പോഴും ഷീബയോട് പറഞ്ഞിരുന്നു. ഇക്കാര്യം ശരത്തുമായി ഷീബ പങ്കുവച്ചതോടെയാണ് കവർച്ച നടത്താൻ തീരുമാനിച്ചത്.

മൂക്കും വായും പൊത്തിപ്പിടിച്ചു

ശരത് മുമ്പ് ജയിലിൽ കഴിഞ്ഞിരുന്നപ്പോൾ പരിചയപ്പെട്ട രാജനെയും ബാബുവിനെയും ബന്ധപ്പെടുത്തി കവർച്ചാപദ്ധതി തയ്യാറാക്കി. നഗരസഭാ ഹരിതകർമ്മ സേന പ്രവർത്തകയെന്ന വ്യാജേനയാണ് ഇവർ കവർച്ചയ്‌ക്കെത്തിയത്. വീട്ടിൽ കടന്ന പ്രതികൾ ചന്ദ്രയെ ആക്രമിച്ച് മൂക്കും വായും പൊത്തിപ്പിടിച്ചാണ് മൂന്നരപ്പവന്റെ മാലയും ആറുപവൻ തൂക്കമുള്ള ആറ് വളകളും കവർന്നത്. സംഭവശേഷം ഒളിവിൽപ്പോയ പ്രതികൾ തെളിവു നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രതികളുടെ വസ്ത്രങ്ങളുടെ വിവരങ്ങൾ പരിശോധിച്ചാണ് പിടികൂടിയത്.