ഡ്രൈവിംഗ്  കുട്ടിക്കളിയല്ല, 18 തികയാത്ത ഡ്രൈവർമാരെ ജുവനൈൽ ഹോമിലാക്കും

Sunday 15 February 2026 12:56 AM IST

തിരുവനന്തപുരം: 18 വയസാകുംമുമ്പേ മോട്ടോർ വാഹനങ്ങളിൽ വിലസല്ലേ... പൊലീസും എം.വി.ഡി ഉദ്യോഗസ്ഥരും വളഞ്ഞിട്ട് പിടിക്കും. ജുവനൈൽ ഹോമിൽ കിടക്കേണ്ടിവരും! കുട്ടികൾക്ക് വണ്ടി കൊടുക്കുന്ന മുതിർന്നവരും സൂക്ഷിച്ചോ. പിഴ കൊടുത്ത് ഊരിപ്പോകാൻ പറ്റില്ല. ആറുമാസം വരെ നിങ്ങളും അകത്താകും.

തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞദിവസം തുടങ്ങിയ പ്രത്യേക പരിശോധനയിൽ 18 തികയാത്ത 9 പേരെ പൊലീസ് പിടികൂടി. ഇവർക്ക് വാഹനം നൽകിയ മുതിർന്നവരെ പ്രതികളാക്കാനുള്ള നടപടികളുമായി പൊലീസ് മുന്നോട്ടു പോവുകയാണ്. മറ്റ് ജില്ലകളിലേക്കും പരിശോധന വ്യാപിപ്പിക്കും.

പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയാൻ 2019ലാണ് കേന്ദ്രമോട്ടോർ നിയമം പരിഷ്കരിച്ച് തടവുശിക്ഷ കൂടി ഉൾപ്പെടുത്തിയത്. എന്നാൽ കേരളത്തിലുൾപ്പെടെ നിയമം കർശനമായി നടപ്പിലാക്കിയിരുന്നില്ല. പ്രായപൂർത്തിയാകാത്തവർ ഓടിക്കുന്ന വാഹനങ്ങൾ അപകടമുണ്ടാക്കുന്നത് പതിവായതോടെയാണ് കർശനമായി നടപ്പാക്കാൻ തീരുമാനിച്ചത്.

25,000 രൂപ പിഴ,

6 മാസം തടവ്

1. കുട്ടികൾ വാഹനമോടിച്ചാൽ ആർ.സി ഉടമയോ, വാഹനം കൈവശം വച്ചിരിക്കുന്നയാളോ മുഖ്യപ്രതിയാകും. 25,000 രൂപ പിഴയും ആറുമാസം വരെ തടവുമാണ് ശിക്ഷ. ആർ.സി സസ്പെൻഡ് ചെയ്യാം

2. പ്രായപൂർത്തിയാകാത്ത വ്യക്തിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കും. കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് ജുവനൈൽ ഹോമിൽ പാർപ്പിക്കാം. 25 വയസുവരെ ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുക്കാനാകില്ല

മോഷ്ടിച്ച ബൈക്കിൽ

കുട്ടിക്കുറ്റവാളികൾ

കുറ്റവാളികളായ കുട്ടികൾ വിലസുന്നത് കൂടുതലും മോഷ്ടിച്ചെടുത്ത വാഹനങ്ങളിലാണെന്ന് പൊലീസ്. ലഹരിക്കടത്ത് സംഘത്തിന്റെ വലയിൽപ്പെട്ട കുട്ടികളും മാലമോഷണ സംഘത്തിൽപ്പെട്ട കുട്ടികളും മോഷ്ടിച്ചെടുത്ത വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ബൈക്ക് ഓടിക്കുന്ന 18 കഴിയാത്തവർ നിരത്തുകളിൽ സ്പീ‌‌ഡ്റേസിംഗ് നടത്തുന്നു. റേസിംഗ് നടത്തുന്നവരിൽ പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.