സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയ്ക്ക് ഇനി പുനർ മൂല്യനിർണയമില്ല

Sunday 15 February 2026 12:05 AM IST

ന്യൂഡൽഹി: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയ്ക്ക് ഇനി പുനർ മൂല്യനിർണയമില്ല. ഫെബ്രുവരി 17 മുതൽ ആരംഭിക്കുന്ന പരീക്ഷയിലെ ചോദ്യപേപ്പറുകൾ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒ.എസ്.എം) സംവിധാനം മുഖേന മൂല്യനി‌ർണയം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണിതെന്ന് പരീക്ഷാ കൺട്രോളർ സന്യാംഭരദ്വാജ് അറിയിച്ചു. മനുഷ്യസഹജമായ പിഴവുകൾ ഒഴിവാകും. സുതാര്യതയും കാര്യക്ഷമതയും വർദ്ധിക്കും. മൂല്യനിർണയത്തിനുള്ള സമയം കുറയും. വലിയതോതിൽ അദ്ധ്യാപക പങ്കാളിത്തവും ആവശ്യമില്ലെന്ന് പരീക്ഷാ കൺട്രോളർ വ്യക്തമാക്കി. പുതിയ സംവിധാനം മനസിലാക്കാൻ സ്‌കൂൾ പ്രിൻസിപ്പൽമാർക്കും അദ്ധ്യാപകർക്കും പരിശീലന ശിൽപശാല സംഘടിപ്പിച്ചിരുന്നു. അതേസമയം, 10ാം ക്ലാസ് ഉത്തരക്ക‌ടലാസുകളുടെ മൂല്യനി‌ർണയ രീതിയിൽ മാറ്റമില്ല.

ഓൺ സ്ക്രീൻ മാർക്കിംഗ്(ഒ.എസ്.എം)

12ാം ക്ലാസ് ഉത്തരക്കടലാസുകൾ സ്‌കാൻ ചെയ്‌ത് ഡിജിറ്റൽ രൂപത്തിലാക്കി പ്രത്യേക കേന്ദ്രീകൃത പ്ലാറ്റ്ഫോമിൽ അപ്‌ലോഡ് ചെയ്യും. അദ്ധ്യാപകർ കമ്പ്യൂട്ടർ സ്‌ക്രീനിൽ ഈ ഡിജിറ്റൽ ഉത്തരക്കടലാസ് നോക്കി മാർക്കിടും. ആകെ മാർക്ക് സോഫ്റ്റ്‌വെയർ കണക്കുകൂട്ടി കൃത്യത ഉറപ്പാക്കും.

10 മണിക്കു മുൻപ് എത്തണം

ഫെബ്രുവരി 17 മുതലാണ് 10,12 ക്ലാസ് ബോർഡ് പരീക്ഷകൾ ആരംഭിക്കുന്നത്. രാവിലെ 10 മണിക്ക് മുൻപായി വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രത്തിൽ എത്തണം. 10 മണിക്ക് ഗേറ്റുകൾ അടയ്‌ക്കും. അതിനു ശേഷം വിദ്യാർത്ഥികളെ പ്രവേശിപ്പിക്കില്ല. 10.30നാണ് പരീക്ഷ ആരംഭിക്കുന്നത്.

10,​ 12 ക്ലാസ് പരീക്ഷയെഴുതുന്നത് ഇത്തവണ 46 ലക്ഷം വിദ്യാർത്ഥികൾ

10.4 കോടി ഉത്തരക്കടലാസുകൾ ബോ‌ർഡ് കൈകാര്യം ചെയ്യും