താത്കാലികക്കാരെ സ്ഥിരപ്പെടുത്തൽ: ഹർജി 20ലേക്ക് മാറ്റി
Sunday 15 February 2026 12:07 AM IST
കൊച്ചി: താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കേ വീണ്ടും സ്ഥിരപ്പെടുത്താൻ ഉത്തരവിറക്കിയ നടപടിയിൽ വിശദീകരണം നൽകാൻ സർക്കാർ സമയം തേടി. തുടർന്ന് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് വിഷയം 20ന് പരിഗണിക്കാൻ മാറ്റി. വിവിധ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലിനെ ചോദ്യം ചെയ്യുന്ന ഹർജിയിൽ ഇനിമേൽ സുപ്രീംകോടതി ഉത്തരവുകൾക്ക് വിരുദ്ധമായി തീരുമാനമുണ്ടാകരുതെന്ന് ഹൈക്കോടതി നവംബറിൽ ഉത്തരവിട്ടിരുന്നു. ഇത് പാലിക്കാതെ വീണ്ടും താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ഉത്തരവുകൾ പുറപ്പെടുവിച്ചതിനെ ചോദ്യം ചെയ്ത് മലപ്പുറം സ്വദേശി അബ്ദുൾ വാഹിദ് ഫയൽ ചെയ്ത ഉപഹർജിയാണ് സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.