മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടി മൂന്നുപേരെ കുത്തി

Sunday 15 February 2026 12:00 AM IST

തൃശൂർ: മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നു രക്ഷപ്പെട്ട നേപ്പാൾ സ്വദേശി മൂന്നുപേരെ കുത്തിപ്പരിക്കേൽപ്പിച്ചു. ശങ്കരയ്യ റോഡ് കാമത്ത് ലെയിനിലെ ഹോസ്റ്റൽ നടത്തിപ്പുകാരൻ വില്ലടത്ത് വീട്ടിൽ മുരളി (64 ), പൂത്തോൾ ഊക്കൻ ഹൗസിൽ ബെന്നി (30), അയ്യന്തോൾ സ്വദേശി അജിത്ത് (29) എന്നിവർക്കാണ് പരിക്കേറ്റത്.

ആലുവ പൊലീസ് തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച സൂരജാണ് (31) ആക്രമണം നടത്തിയത്. ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു ആക്രമണം. വയറിന് കുത്തേറ്റ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നെഞ്ചിന് കുത്തേറ്റ ബെന്നി ചികിത്സയിലാണ്. അജിത്തിന്റെ പരിക്ക് സാരമില്ലാത്തതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നു കൈക്കലാക്കിയതാണ് കുത്തിയ കത്തിയെന്നാണ് വിവരം. പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. സൂരജിനെ പിന്നീട് പൊലീസ് പിടികൂടി മാനസികാരോഗ്യ കേന്ദ്രത്തിൽ തിരിച്ചെത്തിച്ചു.