ആദിവാസികളുടെ ആരോഗ്യസംരക്ഷണത്തിന്(ഡെക്ക്) 100ഡോക്ടർമാരും 300 വിദ്യാർത്ഥികളും ഇടുക്കിയിൽ

Sunday 15 February 2026 12:00 AM IST

തിരുവനന്തപുരം : ആദിവാസി സമൂഹത്തിന്റെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് 100 ഡോക്ടർമാരും 300 മെഡിക്കൽ വിദ്യാർത്ഥികളും ഇന്ന് ഇടുക്കി വനമേഖലകളിലെത്തും. സർക്കാർ,സ്വകാര്യ മേഖലയിലെ ‌ഡോക്ടർമാർ ഉൾപ്പെടുന്ന നാഷണൽ മെഡിക്കോസ് ഓർഗനൈസേഷന്റെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പുകൾ. തോട്ടംതൊഴിലാളികൾ ബഹുഭൂരിപക്ഷമുള്ള മേഖലയിൽ സ‌്‌പൈസസ് ബോർഡിന്റെ പിന്തുണയും അട്ടപ്പാടി കേന്ദ്രീകരിച്ചുള്ള വിവേകാനന്ദ മെഡിക്കൽ മിഷന്റെ സഹകരണവുമുണ്ട്. കേരളത്തിലെ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിലെ വിവിധ സ്‌പെഷ്യാലിറ്റികളിലുള്ള മുതിർന്ന ഡോക്ടർമാരും

അവസാനവർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളും ക്യാമ്പ് നയിക്കും.

ഇന്നലെ രാത്രി എട്ടിന് ആനച്ചാലിൽ എത്തിയ മെഡിക്കൽ സംഘത്തെ മൂപ്പൻ ചെമ്പൻ കൊലുമ്പന്റെ പിന്മുറക്കാർ സ്വീകരിച്ചു. ഇന്ന് രാവിലെ 9ന് സ്‌പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ.സംഗീത വിശ്വനാഥൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് വരെ പരിശോധന തുടരും. അടിമാലി, ചൂരക്കട്ടൻകുടി ഉന്നതി, മച്ചിപ്ലാവ് ഫ്ളാറ്റ്, പരിഷക്കല്ല്, മിൽമപ്പടി, പടിക്കപ്പ്, അഞ്ചാം മൈൽ വാളറ, കുളമാൻകുഴി കുടി, ഉന്നതികളായ തുമ്പിപ്പാറകുടി, ഒഴുവുതടം, വെളിയമ്പാറകുടി, കമ്പനിക്കുടി, മാങ്കുളം,നാല് സെന്റ് , പതിന്നാലാം മൈൽ, കുതിരയള കുടി, മുനിപ്പാറ, സിങ്കുകുടി, ചൊക്രമുടി കുടി, ബൈസൺവാലി, കോമാളി കുടി, നെല്ലിക്കാട്, 20 ഏക്കർ സെറ്റിൽമെന്റ്, കാഞ്ഞിരവേലി, തട്ടേക്കണ്ണി, പാലപ്ലാവ് കോളനി, വരിക്കമുത്തൻ, സൗത്ത് കത്തിപ്പാറ, മച്ചിപ്ലാവ് ലക്ഷംവീട് കോളനി, ഷെവൽ കുടി, കട്ടമുടി, കുരിശുപാറ, പൊളിഞ്ഞപാലം എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ.

കാട്ടി​ൽ പല്ലി​ളക്കും!

ആദിവാസി സമൂഹത്തിൽ ദന്തരോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ എല്ലാവിധ ദന്തചികിത്സയും ഉറപ്പാക്കുന്ന അത്യാധുനിക ദന്തൽ ക്ലി​നിക്കും ഇന്ന് ഇടുക്കിയിലെ വനമേഖലകളിലെത്തും.

കൊച്ചി അമൃത ആശുപത്രിയുടേതാണ് നൂതന മൊബൈൽ ഡെന്റൽ ക്ലി​നിക്ക്. പല്ല് ഇളക്കാനും ശുചിയാക്കാനും ഉൾപ്പെടെയുള്ള സൗകര്യമുണ്ടാകും.