അമ്മയുടെ വരികൾക്ക് മകന്റെ വര,​ സൃഷ്ടിപരമായ കൂടിച്ചേരലെന്ന് നരേന്ദ്രമോദി

Sunday 15 February 2026 12:22 AM IST

മകൻ ശ്രീറാം ചന്ദ്രനൊപ്പം ലക്ഷ്മി

തൃശൂർ: അമ്മയുടെ വരികളും മകന്റെ വരകളും ഇണങ്ങിയൊന്നായി,കാവ്യപുസ്തകമായി. 'സൃഷ്ടിപരമായ കൂടിച്ചേരലാണിത്,ഭാവിയിലേക്ക് എല്ലാ ആശംസകളും' എന്ന് പുസ്തകം വായിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കുറിച്ചു. ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി കോളേജിലെ ബോട്ടണി വിഭാഗം അദ്ധ്യാപിക ലക്ഷ്മി ശ്രീകുമാർ രചിച്ച 'ബ്ലോസമിംഗ് വിത്ത് ബഡ്‌സ്' എന്ന ഇംഗ്ലീഷ് പുസ്തകത്തിനാണ് പ്രധാനമന്ത്രിയുടെ ആശംസകത്തെത്തിയത്.

യാത്രകളിലും ജോലിയുടെ ഇടനേരങ്ങളിലും കുത്തിക്കുറിച്ചിട്ട കവിതകൾ കഴിഞ്ഞ ഡിസംബറിലാണ് ലക്ഷ്മി പുസ്തകമാക്കിയത്. പ്രസാധകരെ കിട്ടാത്തതിനാൽ സ്വന്തം പണം കൊണ്ട് പുസ്തകവും പുറത്തിറക്കി. മകൻ ശ്രീറാം ചന്ദ്രനാണ് അമ്മയുടെ വരികൾക്ക് വരകളിലൂടെ കൂടുതൽ ഭംഗിയാക്കിയത്. ഇതിനെ പലരും അമ്മയുടെയും മകന്റെയും പൊക്കിൾക്കൊടി ബന്ധമെന്നും വിശേഷിപ്പിച്ചു. തത്വശാസ്ത്രവും പ്രണയവും ജീവിത യാഥാർത്ഥ്യങ്ങളുമടങ്ങിയ ഇരുപത്തോളം കവിതകളാണ് പുസ്തകത്തിലുള്ളത്.

പിറന്നാളിനെത്തിയ

വിസ്മയക്കത്ത്

മറുപടി പ്രതീക്ഷിക്കാതെയാണ് പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനും ലക്ഷ്മി പുസ്തകം തപാലിൽ അയച്ചത്. തുടർന്ന് ഡിസംബർ 30ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നൊരു കാൾ വന്നു. 'പ്രധാനമന്ത്രി വായിച്ചു, ഇഷ്ടപ്പെട്ടു". പിന്നീട് മകന്റെ പിറന്നാൾ ദിനമായ ജനുവരി 16ന് ഇ-മെയിലിൽ അഭിന്ദനക്കത്ത് വന്നു. ഒരാഴ്ചയ്ക്ക് ശേഷം തപാലിലും കത്ത് വന്നു. അക്രിലിക്കിലും വാട്ടർകളറിലും പെൻസിൽ ഡ്രോയിംഗിലുമാണ് ശ്രീറാം വരച്ചത്. ബംഗ്ലാദേശിലെ എ.ഐ.എസ് സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ലക്ഷ്മിയുടെ ഭർത്താവ് പ്രശാന്ത് ചന്ദ്രൻ ബംഗ്ലാദേശിൽ ബിൻസ്‌ടെകിൽ ഇന്ത്യൻ പ്രതിനിധിയായ ഡയറക്ടറും. തിരുവനന്തപുരം കവടിയാർ സ്വദേശിയായ ലക്ഷ്മി ശാസ്താംകോട്ടയിൽ കോളേജിനടുത്താണ് താമസം.

'സുഗമമായ കൂടിച്ചേരൽ"

'കവിതാസമാഹാരം സഹിതം പുതുവത്സരാശംസകൾ അയച്ചതിന് നന്ദി. ഹൃദയംഗമമായ ആശംസകൾ. സർഗ്ഗാത്മകതയുടെ മനോഹരമായ സാക്ഷ്യമാണിത്. മകൻ ശ്രീറാം തയ്യാറാക്കിയ ചിത്രങ്ങൾ, അമ്മ എഴുതിയ കവിതകൾക്ക് ജീവൻ നൽകുന്നു. വാക്കുകളുടെയും ദൃശ്യങ്ങളുടെയും സുഗമമായ കൂടിച്ചേരൽ വ്യക്തിപരമായ വൈഭവത്തെയും രണ്ടുപേരുടെയും ആഴത്തിലുള്ള സൃഷ്ടിപരമായ സമന്വയത്തെയും കാണിക്കുന്നു. അമ്മയ്ക്കും ശ്രീറാമിനും ഭാവിയിലേക്ക് എല്ലാവിധ ആശംസകൾ"-പ്രധാനമന്ത്രി നരേന്ദ്രമോദി കത്തിൽ കുറിച്ചു.

സന്തോഷം പറഞ്ഞറിയിക്കാനാവില്ല. പ്രധാനമന്ത്രിയുടെ കത്ത് ഫ്രെയിം ചെയ്യാനുള്ള ഒരുക്കത്തിലാണ്. ലക്ഷ്മി ശ്രീകുമാർ