ഫുട്പാത്തിലും ഇരച്ചുപാഞ്ഞ് ഇരുചക്ര വാഹനങ്ങൾ; വെട്ടിലായി കാൽനടക്കാർ?
കോഴിക്കോട്: കോഴിക്കോട് ടൗണിൽ എരഞ്ഞിപ്പാലത്തു മാത്രമല്ല, കാരപ്പറമ്പ് ഉൾപ്പെടെ മിക്ക സ്ഥലങ്ങളിലും ഫുട്പാത്ത് റോഡാക്കി ഇരുചക്ര വാഹനങ്ങൾ. എന്നിട്ടും മോട്ടോർവാഹന വകുപ്പും പൊലീസും കർശന നപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. സീബ്ര ലെെൻ ക്രോസിംഗിലെ പ്രശ്നങ്ങളും അപകടങ്ങളും തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് ഫുട്പാത്ത് കെെയേറ്റവും ചർച്ചയാകുന്നത്. എരഞ്ഞിപ്പാലത്ത് അടുത്തടുത്ത് ഫുട്പാത്തിലേക്ക് കയറാൻ വഴികളുള്ളത് ഇരുചക്ര വാഹനങ്ങൾക്ക് അവസരമൊരുക്കുന്നു. കയറാനുള്ള ചെരിവുള്ളതാണ് മറ്റൊരു സൗകര്യം. ടു വീലറുകൾ ഫുട്പാപാത്തിലേക്ക് കയറുന്നതും ഇറങ്ങുന്നതും ഈ ചെരിവിലൂടെയാണ്. ഇതൊഴിവാക്കുന്നതിന്റെ സാദ്ധ്യത മോട്ടോർവാഹന വകുപ്പും പൊലീസും പരിശോധിക്കും. സ്ഥാപനങ്ങളോ വീടുകളോ ഉള്ള സ്ഥലങ്ങളിളാണ് ഇത്തരം ഒഴിവുകളുള്ളത്. ഇവയുടെ എണ്ണം കുറയ്ക്കുന്നതിന്റെ സാദ്ധ്യതയും പരിശോധിക്കും. എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയുടെ ഭാഗത്തുള്ള ഫുട്പാത്തിൽ എരഞ്ഞിപ്പാലമെന്ന് സെെൻബോർഡ് വച്ചതിന്റെ നടുവിലൂടെയും ടു വീലറുകൾ കടന്നുപോകുന്നുണ്ട്. ഇവിടെ ലെഫ്ട് ഫ്രീ സമ്പ്രദായവും കാര്യക്ഷമമാക്കേണ്ടതുണ്ട്.
ഫുട്പാത്ത് റോഡായിട്ട് വർഷങ്ങൾ
എരഞ്ഞിപ്പാലത്ത് ഫുട്പാത്തിലൂടെ റോഡിലെന്ന പോലെ ടു വീലറുകൾ വേഗത്തിൽ ഓടിച്ചുപോകാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സഹകരണ ആശുപത്രിയിലും തൊട്ടടുത്ത സ്ഥാപനങ്ങളിലുമെത്തുന്നവർ ഇതേ തുടർന്ന് ബുദ്ധിമുട്ടുകയാണ്. പ്രഭാവതിയടക്കമുള്ളവർക്ക് കടയിൽ പോകണമെങ്കിൽ റോഡിനപ്പുറത്തെത്തണം. ഫുട്പാത്ത് കെെയേറ്റം ഇതിനും തടസമാകുന്നു.
ഞെട്ടി അഫ് ലഹും
ഫുട്പാത്തിലെത്തിൽ ഇരുചക്രവാഹനം ഓടിച്ചെത്തിയയാളെ ശാസിക്കുന്ന പ്രഭാവതിയുടെ വീഡിയോയെടുത്ത കണ്ടന്റ് ക്രിയേറ്റർക്ക് അതിന് പ്രേരണയായത് സ്വാനുഭവം. വടകര ആയഞ്ചേരി സ്വദേശി അഫ് ലഹ് എരഞ്ഞിപ്പാലത്തെ ഇളനീർ കടയിൽ പോയി ഫുട്പാത്തിലൂടെ നടക്കുമ്പോൾ തൊട്ടുപിന്നാലെ ഇരുചക്ര വാഹനം ഇരച്ചെത്തി. ഫുട്പാത്തിലൂടെ ടുവീലറുകളെത്തുമെന്ന് ആരും കരുതില്ല. അപകടസാദ്ധ്യതയും കൂടുതലാണ്. ഇതേപ്പറ്റി ഓർത്തു നടക്കുമ്പോഴാണ് പ്രഭാവതി ഇരുചക്ര വാഹനക്കാരനെ തടയുന്നത് കണ്ടത്. ഉടൻ വീഡിയോ എടുത്തു.
ഫുട്പാത്തിൽ കച്ചവടവും മാലിന്യങ്ങളും
ഫുട്പാത്ത് കെെയേറി പെട്ടിക്കടകളടക്കം കച്ചവടം നടത്തുന്നതും മാലിന്യങ്ങൾ കൂട്ടിയിടുന്നതും മാനാഞ്ചിറയിൽ ഉൾപ്പെടെ പതിവായിരിക്കുകയാണ്. ഇത് തടയാനും നടപടിയില്ല. നഗരത്തിലെ തിരക്കുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് സമീപവും ഫുട്പാത്തിലും റോഡിലും വാഹനങ്ങൾ നിറുത്തിയിടുന്നുണ്ട്. ഇത് ഗതാഗത കുരുക്കുമുണ്ടാക്കുന്നു.