14കാരിക്ക് ക്രൂരപീഡനം , പിതാവുൾപ്പടെ 3 പേർ അറസ്റ്റിൽ
അമ്പലപ്പുഴ: പതിനാല് വയസുകാരിയെ നാലു വർഷത്തോളം ക്രൂര പീഡനത്തിന് ഇരയാക്കിയ പിതാവടക്കം മൂന്ന് പേരെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു.
.2022 ജനുവരി മുതൽ 2026 ജനുവരി വരെ നടന്ന പീഡനത്തെപ്പറ്റി പെൺകുട്ടി സുഹൃത്തിന്റെ മാതാവിനോട് തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത് കൗൺസിലർ കൂടിയായ സുഹൃത്തിന്റെ മാതാവ് വിവരം പൊലീസിൽ അറിയിച്ചു. തുടർന്നാണ് പിതാവ്, പിതൃ സഹോദരീ ഭർത്താവ്, പിതാവിന്റെ സഹോദരിയുടെ മകൻ എന്നിവരെ അറസ്റ്റ് ചെയ്തത്. പിതാവിന്റെ ഒരു ബന്ധു കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. പിതാവിനൊപ്പം വീട്ടിലിരുന്ന് മദ്യപിച്ച ശേഷമായിരുന്നു ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പെൺകുട്ടിയെ കുടുംബശ്രീയുടെ കീഴിലുള്ള സ്‌നേഹിത സെന്ററിന്റെ സംരക്ഷണത്തിലേക്ക് മാറ്റി.
പെൺകുട്ടിയ്ക്ക് എട്ടു വയസുള്ളപ്പോൾ അമ്മയുടെ സഹോദരൻ പീഡിപ്പിച്ചിരുന്നു. ഈ സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസിന്റെ പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി പിന്നീട് ആത്മഹത്യ ചെയ്തു. ഇതോടെ അമ്മ കുട്ടിയെ ഉപേക്ഷിക്കുകയും പിന്നീട് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മാതാവ് പിന്നീട് ഇവരെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ പോയി. 10 വയസു വരെ കുട്ടി സി.ഡബ്ല്യു.സിയിലാണ് കഴിഞ്ഞത്. 2022 ൽ ഇവിടെ നിന്നും പിതാവ് മകളെ സഹോദരിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഇവിടെ വച്ചാണ് വർഷങ്ങൾ നീണ്ട ലൈംഗിക പീഡനത്തിന് പിതാവ് മകളെ ഇരയാക്കിയത്.