വി.ഐ.പികൾ വരുമ്പോൾ റോഡുകൾ എങ്ങനെ നന്നാകുന്നു: ഹൈക്കോടതി
കൊച്ചി : വി.ഐ.പികളെത്തുമ്പോൾ മാത്രം കേരളത്തിലെ റോഡുകൾ നന്നാവുന്നതെങ്ങനെയെന്ന് ഹൈക്കോടതി. പ്രത്യേക ഫണ്ടുണ്ടെന്ന സർക്കാരിന്റെ മറുപടിക്ക് ഇതൊന്നും സാധാരണക്കാർക്ക് ബാധകമല്ലേയെന്നായിരുന്നു സിംഗിൾബെഞ്ചിന്റെ വാക്കാലുള്ള ചോദ്യം. എറണാകുളത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സബർബൻ ട്രാവൽസ് ഉടമ സി.പി. അജിത്കുമാറുൾപ്പെടെയുള്ളവരാണ് ഹർജി നൽകിയത്. ഡച്ച് രാജാവിന്റെയും രാജ്ഞിയുടെയും സന്ദർശനത്തിന് മുന്നോടിയായി കൊച്ചിയിലെ റോഡുകളിലെ കുഴികൾ തിരക്കിട്ട് അടച്ചിരുന്നു. ഇക്കാര്യം പേരെടുത്തു പരാമർശിക്കാതെയാണ് വിമർശനം.
റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിത്തിരിച്ച യുവാവ് ബസിടിച്ച് മരിച്ച സംഭവം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ഒരാൾ മരിച്ചിട്ടും എന്തുകൊണ്ടാണ് ആരും അനങ്ങാത്തതെന്നും ആരാഞ്ഞു. ജഡ്‌ജിമാർ കാറിൽ യാത്ര ചെയ്യുന്നതിനാൽ എല്ലാ കാര്യങ്ങളും അറിയുന്നില്ല. അറ്റകുറ്റപ്പണിയിൽ വീഴ്ചവരുത്തിയ എത്ര ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചു? 2008 മുതൽ ഹൈക്കോടതിയിലുള്ള ഹർജിയാണിത്. 11 വർഷമായിട്ടും കൊച്ചി മാറിയില്ല. എന്തിനാണ് ജനങ്ങൾ ഇതൊക്കെ അനുഭവിക്കുന്നത് ? വീട്ടിൽ നിന്നിറങ്ങുന്നവർ ജീവനോടെ തിരിച്ചെത്തുമെന്ന് എന്തുറപ്പാണുള്ളതെന്നും കോടതി ചോദിച്ചു.
എറണാകുളത്തെ റോഡുകളുടെ ദുരവസ്ഥ പരിഹരിക്കാൻ എത്രസമയം വേണമെന്ന് തദ്ദേശഭരണ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, കൊച്ചി നഗരസഭ എന്നിവർ ഇന്നുതന്നെ അറിയിക്കണം. വീഴ്ചകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർ കനത്തവില നൽകേണ്ടി വരുമെന്നും ഹൈക്കോടതി ഓർമ്മപ്പെടുത്തി. തുടർന്ന് ഹർജി ഇന്നു പരിഗണിക്കാൻ മാറ്റി. ജില്ലാ കളക്ടറെ ഹൈക്കോടതി സ്വമേധയാ കേസിൽ കക്ഷിചേർത്തിരുന്നു. കൊച്ചി നഗരസഭ ഹർജിയിൽ എതിർകക്ഷിയാണ്.