ആഗോള അയ്യപ്പ സംഗമം; മൂന്നു കോടി തിരികെ കിട്ടി: ദേവസ്വം ബോർഡ്
കണക്കുകൾ പുറത്തു വിട്ടു ഓഡിറ്റ് റിപ്പോർട്ടിൽ പിശക്
തിരുവനന്തപുരം: അഡ്വാൻസായി നൽകിയ മൂന്നുകോടി തിരികെ കിട്ടിയെന്നതടക്കം ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ പുറത്തുവിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അതേസമയം, ഓഡിറ്റ് റിപ്പോർട്ടിൽ പിശകുണ്ടായെന്നും വ്യക്തമാക്കി.
ഇവന്റ് മാനേജ്‌മെന്റ് ഏജൻസി സമർപ്പിച്ച എസ്റ്റിമേറ്റുകൾ, ഇൻവോയിസുകൾ, ബില്ലുകൾ, കരാർ രേഖകൾ എന്നിവ ഓഡിറ്റിനായി ചാർട്ടേഡ് അക്കൗണ്ടന്റിനു നൽകിയിരുന്നു. ബോർഡിന്റെ നേരിട്ടുള്ള ചെലവുകളടക്കം ഉൾപ്പെടുത്തിയാണ് ഓഡിറ്റ് റിപ്പോർട്ട് സ്‌പെഷ്യൽ കമ്മിഷണർക്ക് കൈമാറിയത്. ബോർഡ് യോഗം പരിഗണിക്കുന്നതിനുമുമ്പ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
അതിനാൽ, നന്ദഗോവിന്ദം ഭജൻസ് പരിപാടി അവതരിപ്പിച്ചുവെന്നും അവർക്ക് പ്രതിഫലം നൽകി എന്ന രീതിയിലുമുള്ള തെറ്റിദ്ധാരണ ഉണ്ടായി. ഹൈക്കോടതി നൽകിയ സമയപരിധി പാലിക്കാനാണ് ഓഡിറ്റ് റിപ്പോർട്ട് വിശദപരിശോധനയ്ക്കു മുമ്പ് സമർപ്പിച്ചത്. റിപ്പോർട്ടിലെ ന്യൂനതകൾ പരിഹരിക്കും.
2025 ഒക്‌ടോബർ 17ന് അഡ്വാൻസായി നൽകിയ മൂന്നുകോടി തിരികെ ലഭിച്ചു. പ്രത്യേക അക്കൗണ്ടിൽ പലിശയുൾപ്പെടെ 1,74,40,912 രൂപയുണ്ട്. സംഗമത്തിനായി ബോർഡിന്റെ ജനറൽ അക്കൗണ്ടിൽ നിന്നും 5 കോടിയാണ് പ്രത്യേക അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. ഇതിൽനിന്ന് 3 കോടിയാണ് ഇവന്റ് മാനേജ്‌മെന്റ് ഏജൻസിക്ക് അഡ്വാൻസ് നൽകിയത്.
വിവിധ ഹോട്ടലുകൾക്ക് 12,76,440 രൂപയും, ജി.എസ്.ടിയായി 15,25,424 രൂപയും നൽകി. സ്‌പോൺസർഷിപ്പായി ധനലക്ഷ്മി ബാങ്ക് ജി.എസ്.ടി ഒഴികെ 2 കോടിയും കേരള ബാങ്ക് ജി.എസ്.ടിയുൾപ്പെടെ ഒരുകോടിയും നൽകി. അദാനി ഗ്രൂപ്പ് ഒരുകോടി നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. കണക്കാക്കിയതിനേക്കാൾ ഇരട്ടിയിലധികംപേർക്ക് ഭക്ഷണം
നൽകിയെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് കട്ടിൽ:
തെറ്റായ പ്രചാരണം
മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ ഒരുലക്ഷം രൂപ ചെലവഴിച്ചു എന്ന പരാമർശം ഓഡിറ്റ് റിപ്പോർട്ടിലോ, സ്‌പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലോ ഇല്ലെന്ന് ദേവസ്വം ബോർഡ്. പമ്പ ഗസ്റ്റ്ഹൗസിലെ നവീകരണത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. പാർട്ട് കെ എന്ന തലക്കെട്ടിൽ ഗസ്റ്റ്ഹൗസിലേക്കു ഫർണിച്ചറും മറ്റും വാങ്ങാനായി 3,83,439 രൂപ വകയിരുത്തിയിരുന്നു. ഇതിനെയാണ് തെറ്റായി വ്യാഖ്യാനിച്ചത്.
പണം നൽകിയത്
ഇഷാൻ ദേവിന്
അയ്യപ്പസംഗമത്തിൽ ഭജൻ അവതരിപ്പിക്കാൻ നന്ദഗോവിന്ദം ഭജൻസിനെ സമീപിച്ചെങ്കിലും മറ്റ്പരിപാടിയുള്ളതിനാൽ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചു. തുടർന്ന് സംഗീതജ്ഞനായ ഇഷാൻദേവാണ് വിവിധ ട്രൂപ്പുകളെ ഏകോപിപ്പിച്ച് 35പേർ പങ്കെടുത്ത സംഗീതാവിഷ്‌കാരം അവതരിപ്പിച്ചത്. ഇവരുടെ അഞ്ചുദിവസത്തെ താമസം, ഭക്ഷണം, റിഹേഴ്സലടക്കം 8 ലക്ഷമാണ് ചെലവായത്. നന്ദഗോവിന്ദം ഭജൻസിന് തുക നൽകിയിരുന്നെങ്കിൽ വൗച്ചറോ,ബാങ്കിടപാട് രേഖകളോ ഉണ്ടായിരിക്കണം. ഇവന്റ് മാനേജ്‌മെന്റ് ഏജൻസി ഓഡിറ്റർക്ക് സമർപ്പിച്ച സ്റ്റേറ്റ്‌മെന്റിലെ പിശകാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.
തെറ്റായ കണക്കുകൾ: ഗോവിന്ദൻ
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് തെറ്റായ കണക്കുകളാണ് പുറത്തുവരുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇപ്പോൾ പുറത്ത് വരുന്നത് യഥാർത്ഥ കണക്കല്ല. നിലവിൽ പുറത്ത് വന്നത് എസ്റ്റിമേറ്റ് മാത്രം. യഥാർത്ഥ കണക്ക് പുറത്ത് വരും. ഞങ്ങളുടെ മടിയിൽ കനമില്ല. സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. ശബരിമല കേസിൽ എസ്.ഐ.ടി അന്വേഷണം തൃപ്തികരമെന്ന് കോടതി തന്നെ പറയുന്നു. സി.ബി.ഐ അന്വേഷിച്ച കേസുകളെ പറ്റി ഹൈക്കോടതി തന്നെ വിമർശനമുന്നയിക്കുന്നു. പ്രതിപക്ഷനേതാവാണ് ആദ്യം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. പിന്നാലെ ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖരനും ആവശ്യപ്പെട്ടു. കോൺഗ്രസിനും ബി.ജെ.പിക്കും എല്ലാ കാര്യങ്ങളിലും ഒരേ സ്വരമാണ്.