കൊല്ലത്ത് ഇനി മർട്ടി ലെവൽ പാർക്കിംഗ്
കൊല്ലം: കേരളത്തിലെ റെയിൽവേ വികസനത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനമെന്നും യാത്രക്കാരുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന അർത്ഥവത്തായ ചുവടുവെയ്പ്പാണ് കാർ പാർക്കിംഗ് കോംപ്ലക്സ് എന്നും കേന്ദ്രമന്ത്രി സുരേഷ്ഗോപി പറഞ്ഞു. കൊല്ലം റെയിൽവേ സ്റ്റേഷനിലെ മൾട്ടിലെവൽ കാർ പാർക്കിങ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
29 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ അഞ്ചുനില പാർക്കിംഗ് ടവറിന് 11,450 ചതു. മീ. വിസ്തീർണമുണ്ട്. ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ക്രമീകരണങ്ങൾ ഉൾപ്പടെ സജ്ജമാക്കി. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ, സമഗ്ര അഗ്‌നിശമന സംവിധാനം, ലിഫ്റ്റ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.എൻ.കെ. പ്രേമചന്ദ്രൻ എം.പി, മേയർ എ.കെ. ഹഫീസ്, എം. നൗഷാദ് എം.എൽ.എ, റെയിൽവേ കൺസ്ട്രക്ഷൻ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഓംപ്രകാശ്, തിരുവനന്തപുരം ഡിവിഷൻ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ എന്നിവർ സംസാരിച്ചു. തുടർന്ന് മൾട്ടിലെവൽ സമുച്ചയത്തിന്റെ ശിലാഫലക അനാച്ഛാദനവും നടന്നു.