കൊല്ലം- തേനി ദേശീയപാത വികസനം കടവൂർ- ഇളമ്പള്ളൂർ 9 കി.മീറ്റററി​ൽ വെട്ട്!

Sunday 15 February 2026 12:33 AM IST

ഇളമ്പള്ളൂരിൽ നിന്ന് വികസനം തുടങ്ങാൻ നീക്കം

കൊല്ലം: കൊല്ലം- തേനി ദേശീയപാത വികസന പദ്ധതിയിൽ നിന്ന് കടവൂർ മുതൽ കുണ്ടറ ഇളമ്പള്ളൂർ വരെയുള്ള 9 കിലോമീറ്റർ ഒഴിവാക്കാൻ ദേശീയ ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നീക്കം. പകരം ഇളമ്പള്ളൂരിൽ നിന്നാരംഭിക്കുന്ന തരത്തിൽ പദ്ധതിയുടെ അലൈൻമെന്റ് മാറ്റുന്നത് പരിശോധിക്കാൻ ഉപരിതല ഗതാഗത മന്ത്രാലയം കൺസൾട്ടൻസിക്ക് നിർദ്ദേശം നൽകി.

കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നാണ് കൊല്ലം തേനി ദേശീയപാത ആരംഭിക്കുന്നത്. എന്നാൽ ഏതെങ്കിലും ദേശീയപാതയിൽ നിന്ന് ആരംഭിക്കുന്ന തരത്തിൽ മാത്രമേ പുതിയ ദേശീയപാത വികസനം പാടുള്ളു എന്നാണ് ദേശീയ ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈസ്കൂൾ ജംഗ്ഷൻ മുതലുള്ള ഭാഗം ഒഴിവാക്കി ദേശീയപാത 66ൽ കടവൂരിൽ നിന്നാരംഭിക്കുന്ന തരത്തിൽ അലൈൻമെന്റ് തയ്യാറാക്കിയത്. അതിൽ മാറ്റം വരുത്തി കൊല്ലം- തിരുമംഗലം ദേശീയപാതയിൽ നിന്ന് ആരംഭിക്കുന്ന തരത്തിൽ ഇളമ്പള്ളൂരിൽ നിന്ന് തുടങ്ങാനാണ് പുതിയ നീക്കം. കൊല്ലം- തേനി ദേശീയപാതയിൽ ഏറ്റവും കുരുക്കുള്ള ഭാഗമാണ് കടവൂർ മുതൽ ഇളമ്പള്ളൂർ വരെ.

ആർ.ഒ.ബി വേണം

കൊല്ലം- തേനി ദേശീയപാതയെ കൊല്ലം - തിരുമംഗലം ദേശീയപാതയുമായി ബന്ധിപ്പിക്കണമെങ്കിൽ കുണ്ടറ ഇളമ്പള്ളൂരിൽ ആർ.ഒ.ബി നിർമ്മിക്കണം. അതിന് രണ്ട് ദേശീയപാതകളിലും പ്രത്യേകം സ്ഥലം ഏറ്റെടുക്കേണ്ടി വരും.

ത്രി എ വിജ്ഞാപനം ഉടൻ റദ്ദാകും

കൊല്ലം- തേനി ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ പ്രാഥമിക വിവരങ്ങളടങ്ങിയ ത്രി എ വിജ്ഞാപനം ഏതാനും ദിവസങ്ങൾക്കുള്ളിൽ റദ്ദാകും. കഴിഞ്ഞ ഫെബ്രുവരി മൂന്നാം വാരമാണ് വിജ്ഞാപനം നിലവിൽ വന്നത്. ഇത് നിലവിൽ വന്ന് ഒരു വർഷത്തിനുള്ളിൽ, ഏറ്റെടുക്കുന്ന ഭൂമിയുടെ വിശദ വിവരങ്ങളടങ്ങിയ ത്രി ഡി വിജ്ഞാപനം പുറപ്പെടുവിപ്പിക്കണം. അല്ലെങ്കിൽ ത്രി എ വിജ്ഞാപനം റദ്ദാകും. പദ്ധതിക്ക് സാമ്പത്തികാനുമതി ആകാത്തതിനാലാണ് ത്രി ഡി. വിജ്ഞാപനം വൈകുന്നത്.

കൊല്ലം- തേനി ദേശീയപാത

 വികസിപ്പിക്കുന്നത് 24 മീറ്ററിൽ

 നാലുവരിപ്പാത  കടവൂർ- ആഞ്ഞിലിമൂട് വരെ 54 കി.മീറ്റർ  ഇളമ്പള്ളൂർ- അഞ്ഞിലിമൂട്: 45 കി. മീറ്റർ  കടപുഴയിൽ പുതിയ പാലം

 പെരിനാട് പുതിയ ആർ.ഒ.ബി

 ഇരുവശങ്ങളിൽ 1.5 മീറ്റർ നടപ്പാത  ജംഗ്ഷനുകളിൽ ബസ് ബേ