സെക്രട്ടേറിയറ്റിനു മുന്നിൽ സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടി ധർണ 17ന്
കൊല്ലം: ജാതി തിരിച്ചുള്ള സെൻസസ് സംസ്ഥാന സർക്കാർ നടപ്പാക്കാത്തതിനെതിരെ എസ്.എൻ.ഡി.പി (സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടി) നേതൃത്വത്തിൽ സെക്രട്ടേറിയേറ്റ് പടിക്കൽ 17ന് രാവിലെ 10 മുതൽ ധർണ നടത്താൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടപ്പാക്കിയിട്ടും കേരളത്തിലെ ഇടതു സർക്കാർ മുഖം തിരിച്ചു നിന്നുകൊണ്ട് തങ്ങൾ നായർ സർവ്വീസ് സർക്കാരാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയിരിക്കുകയാണ്. ജനസംഖ്യയിൽ കേവലം 20 ശതമാനം മാത്രം വരുന്ന സവർണ സമുദായക്കാർക്കുവേണ്ടി 80 ശതമാനം വരുന്ന പിന്നാക്ക ദലിത് ന്യൂനപക്ഷ സമൂഹമായ മഹാഭൂരിപക്ഷത്തെ അടിച്ചമർത്തുന്ന സർക്കാരിനെതിരെയാണ് എസ്.എൻ.ഡി.പിയുടെ ധർണയെന്ന് സെക്രട്ടേറിയറ്റ് യോഗം അംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കി.
യോഗം പാർട്ടി ദേശീയ ചെയർമാൻ എസ്.സുവർണകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി. പ്രസന്നൻ വൈഷ്‌ണവ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ദേശീയ വർക്കിംഗ് ചെയർമാൻ വർക്കല എസ്.ആർ. ഷാജി, ദേശീയ സെക്രട്ടറി ജനറൽ സതീശൻ ഡെൽഹി, ദേശീയ ട്രഷറർ രാജൻ എസ്. സൗപർണിക, സംസ്ഥാന ജനറൽ സെക്രട്ടറി പി. അനിൽ പടിക്കൽ, ട്രഷറർ ക്ലാവറ സോമൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കുമളി സോമൻ, കല്ലുങ്കൽ രത്നമ്മ ഡി.കൃഷ്ണ മൂർത്തി, സംസ്ഥാന സെക്രട്ടറിമാരായ എസ്.സന്തോഷ് കുമാർ, ഷാജിലാൽ കരുനാഗപ്പള്ളി, എസ്.പി. സത്യപ്രഭ, വനിതാവിഭാഗം പ്രസിഡന്റ് അജിത സദാനന്ദൻ, സെക്രട്ടറി, ജയശ്രീ ബാബു, വൈസ് പ്രസിഡന്റ് അജിതാ രാജുലാൽ, ട്രഷറർ എം.പി. അനിത എന്നിവർ സംസാരിച്ചു.