കാക്കിയിൽ സമ്മർദ്ദമേറി, കർഷകനായി ഹർഷാദ്

Sunday 15 February 2026 12:34 AM IST
എ. ഹർഷാദ്

ആറര വർഷം ബാക്കിനിൽക്കെ വി.ആർ.എസ് എടുത്തു

കൊല്ലം: കാക്കി​ക്കുള്ളി​ൽ സത്യത്തെ മറച്ചുപി​ടി​ക്കാൻ ഹർഷാദി​ന് (49) അത്ര വശമി​ല്ലായി​രുന്നു! കൂട്ടത്തിലുള്ളവർ ചെയ്തു കൂട്ടിയ തെറ്റുകൾ ഹർഷാദ് മുകളിലുള്ളവരെ അറിയിച്ചു. ഇതോടെ പണി പലവഴി വിരുന്നെത്തി അസ്വസ്ഥനാക്കി. ഒടുവിൽ ഹർഷാദ് മനസിലാക്കി, ഈ കുപ്പായം തനിക്കൊരിക്കലും പാകമാവില്ലെന്ന്. 29 വർഷത്തെ പൊലീസ് സേവനത്തിനൊടുവിൽ ബാക്കിയുള്ള ആറര വർഷക്കാലം ഉപേക്ഷിച്ചുകൊണ്ട് കാക്കിയഴിച്ചുവച്ച ഈ പൊലീസുകാരൻ ജൈവകൃഷിയിലൂടെ നിരാശകളെ പടികടത്താനുള്ള പരിശ്രമത്തിലാണ്.

ശാസ്താംകോട്ട പൊലീസ് ‌സ്റ്റേഷനിൽ സ്പെഷൽ ബ്രാഞ്ച് എസ്.ഐ ആയിരുന്നു കരുനാഗപ്ള്ളി സ്വദേശി എ. ഹർഷാദ്. കഴിഞ്ഞ 31ന് സേനയിൽ നിന്ന് വി.ആർ.എസ് എടുത്തു. മോഷണക്കേസിൽ നിന്ന് ഒഴിവാക്കാൻ ആക്രിക്കട ഉടമയിൽ നിന്നു ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയതും യുവാവിനെ കഞ്ചാവ് കേസിൽ കുടുക്കിയതും ഉൾപ്പെടെ ചില പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ വഴിവിട്ട കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ പ്രതികാര നടപടികൾ ഹർഷാദിനെ തേടിയെത്തി. പൊലീസ് സംഘടനയിലെ രാഷ്ട്രീയ ഇടപെടലുകളും അദ്ദേഹത്തിന്റെ മനസ് മടുപ്പിച്ചു. ഇതോടെയാണ് സ്വയം വിരമിക്കലെന്ന തീരുമാനത്തിലെത്തിയത്. സത്യത്തിനു വേണ്ടി നിലകൊണ്ടതിന്റെ പേരിൽ സേനയിൽ നിന്നു നേരിട്ട പ്രതികാര നടപടിയിൽ മനംനൊന്ത് സർവീസ് അവസാനിപ്പിക്കുന്നതായി തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിൽ പോസ്റ്റിട്ട ശേഷമാണ് ഹർഷാദ് വിരമിച്ചത്.

പൊലീസ് കുപ്പായത്തോടുള്ള ഇഷ്ടമാണ് സേനയുടെ ഭാഗമാകാൻ ഹർഷാദിനെ പ്രേരിപ്പിച്ചത്. മികച്ച സേവനത്തിന് ഗുഡ് സർവീസ് എൻട്രി ഉൾപ്പെടെ സ്വന്തമാക്കി. വിരമിച്ചതിന് പിന്നാലെ ഒരു പോത്തുകുട്ടിയെ വാങ്ങി. കൃഷിയോടൊപ്പം സാമൂഹ്യസേവനരംഗത്ത് കൂടി സജീവമാകണമെന്നാണ് ഇപ്പോഴത്തെ തീരുമാനം. മനഃസമാധാനമാണ് ഏറ്റവും വലുതെന്ന് ഹർഷാദ് പറയുന്നു. സർവീസിൽ ഇല്ലെങ്കിലും

തന്റെ റിപ്പോർട്ടിൽ പരാമർശമുള്ളവർക്കെതിരെ നടപടി വേണമെന്നും സ്‌റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് നിയമ നടപടിയും ഹർഷാദ് തുടങ്ങിക്കഴിഞ്ഞു.