സുന്നി ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് കാന്തപുരം
കോട്ടക്കൽ: സമസ്ത നൂറാം വാർഷിക സമ്മേളനം ജനുവരി 28, 29, 30, 31 തീയതികളിൽ മലപ്പുറത്ത് നടക്കും. കോട്ടക്കലിൽ നടന്ന വിളംബര സമ്മേളനത്തിൽ സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരാണ് തീയതിയും സ്ഥലവും പ്രഖ്യാപിച്ചത്. സുന്നി ഐക്യമെന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. സമസ്തയുടെ പ്രഖ്യാപിത നയനിലപാടുകളിൽ നിന്നുകൊണ്ടുള്ള ഐക്യശ്രമങ്ങളുമായി മുന്നോട്ടുപോവും. വിയോജിപ്പുകളുടെ വഴിയല്ല, മറിച്ച് യോജിപ്പിന്റെ മേഖലകൾ കണ്ടെത്തി ഒന്നിച്ചുനീങ്ങാനാണ് ശ്രമിക്കേണ്ടത്. സുന്നി ഐക്യചർച്ചകൾക്കായി ഇരുസമസ്തകളും നേരത്തെ നാലംഗങ്ങൾ വീതമുള്ള സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ സമിതിയുടെ നേതൃത്വത്തിൽ ചർച്ചകൾ മുന്നോട്ടുപോയിട്ടുണ്ട്. അത്തരം ചർച്ചകൾക്ക് ഇനിയും സന്നദ്ധമാണെന്നും കാന്തപുരം പറഞ്ഞു. സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ സമ്മേളനം കെ.എസ്.ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ മതേതര ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും നിരക്കാത്ത 'പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ്' ആശയങ്ങൾ, വിശ്വാസികളെ പൊതുസമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താനും സങ്കുചിതമായ വർഗീയ ധ്രുവീകരണത്തിലേക്ക് നയിക്കാനുമാണ് എക്കാലത്തും ശ്രമിച്ചിട്ടുള്ളതെന്ന് സമ്മേളന പ്രമേയം അഭിപ്രായപ്പെട്ടു. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ച് വോട്ടുകൾ ഏകീകരിക്കാനുള്ള ശ്രമം ജനാധിപത്യത്തിന്റെ അന്തസ്സത്ത ചോർത്തിക്കളയുന്നതും മതാത്മക വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. ആദർശ വൈകല്യമുള്ള പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾക്ക് താവളമൊരുക്കുന്ന അവസരവാദപരമായ നിലപാടുകളിൽ നിന്ന് എല്ലാ രാഷ്ട്രീയസംഘങ്ങളും പിന്മാറണം.