ആനക്കൊമ്പ് കവർച്ച: പ്രതി പാങ്ങോട് ക്യാമ്പിൽ തന്നെ? അന്വേഷണം ഊർജിതം
തിരുവനന്തപുരം: അതീവസുരക്ഷയുള്ള പാങ്ങോട് സൈനിക കേന്ദ്രത്തിലെ മദ്രാസ് റെജിമെന്റിന്റെ ഓഫീസേഴ്സ് മെസിൽ ഡി.ജെ പാർട്ടിക്കിടെ രണ്ടുകോടി വിലയുള്ള രണ്ട് ആനക്കൊമ്പുകൾ കൊള്ളയടിച്ചതിൽ അന്വേഷണം ക്യാമ്പിലേക്ക്. ക്യാമ്പിനുള്ളിലുള്ളവർ തന്നെയാണ് കൊള്ള നടത്തിയതെന്നാണ് പൊലീസ് നിഗമനം. ക്യാമ്പിൽ നിന്നുള്ളവരുടെ സഹായമില്ലാതെ അകത്തു കയറാനോ ആനക്കൊമ്പെടുത്ത് പുറത്തേക്ക് പോവാനോ കഴിയില്ല.
കയറാനും ഇറങ്ങാനും പട്ടാളത്തിന്റെ സുരക്ഷാപരിശോധനയുള്ള മേഖലയിൽ 100കിലോ ഭാരമുള്ള ആനക്കൊമ്പുകൾ എടുത്ത് പുറത്തേക്ക് കൊണ്ടുപോവുക എളുപ്പമല്ല. ക്യാമ്പിലെ ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. രണ്ടോ അതിലധികമോ പേർക്ക് പങ്കുണ്ടാവാമെന്നും പൊലീസ് സംശയിക്കുന്നു. ഡി.ജെ പാർട്ടിക്കെത്തിയ ഇവന്റ് മാനേജ്മെന്റുകാരുടെ സാധനങ്ങൾ പുറത്തേക്ക് കൊണ്ടുപോയ കൂട്ടത്തിൽ കടത്തിയോയെന്നും അന്വേഷിക്കുന്നുണ്ട്.
സൈനികരെയും കരാറടിസ്ഥാനത്തിലെ സുരക്ഷാജീവനക്കാരെയും ഓഫീസ്, മെസ് ജീവനക്കാരെയുമടക്കം ചോദ്യംചെയ്തു. ആനക്കൊമ്പുകൾ ക്യാമ്പിനുള്ളിൽ തന്നെ ഒളിപ്പിച്ചിട്ടുണ്ടോയെന്ന സംശയത്തിൽ ഇന്നലെ പൊലീസും സൈന്യവും ചേർന്ന് ഓഫീസേഴ്സ് മെസിന്റെയും 2-മദ്രാസ് റെജിമെന്റിന്റെയും പരിസരമാകെ അരിച്ചുപെറുക്കി. കവർച്ചയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേരെ പലവട്ടം ചോദ്യംചെയ്തു. മെസ്ഹാളിലെ സ്വീകരണമുറിയിൽ പ്രത്യേക സ്റ്റാൻഡിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകൾ നേരത്തേ നോട്ടമിട്ടു വച്ചശേഷം, ഡി.ജെ പാർട്ടിക്കിടെ കടത്തിയെന്നാണ് നിഗമനം. വിരലടയാളങ്ങൾ ഒത്തുനോക്കുന്നുണ്ട്.
അന്വേഷണം ഡെപ്യൂട്ടി കമ്മിഷണർ തപോഷ് ബസുമതാരിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ഏറ്രെടുത്തു. ഓഫീസേഴ്സ് മെസിൽ സി.സി ടിവിയില്ലാത്തതാണ് പൊലീസിനെ പ്രതിസന്ധിയിലാക്കുന്നത്.
''ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. അന്വേഷണത്തിൽ നിർണായകമായ പല വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
-കെ.കാർത്തിക്,
സിറ്റി പൊലീസ് കമ്മിഷണർ