'നന്ദി, കുഞ്ഞു മാലാഖയുടെ മാതാപിതാക്കൾക്ക്'
തിരുവനന്തപുരം: വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിന്റെ വൃക്കകളും കരളും ഏറ്റുവാങ്ങിയ ശ്രേയയുടെയും ധ്രിയയുടെയും മാതാപിതാക്കൾ പ്രാർത്ഥനയോടെ ആശുപത്രികൾക്ക് മുന്നിൽ മക്കൾക്ക് കാവൽ നിൽക്കുന്നു. പത്തുവയസുള്ള ശ്രേയ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ആറുമാസം പ്രായമുള്ള ധ്രിയ കിംസിലുമാണ്. ഇരുവരും ട്രാൻസ്‌പ്ലാന്റ് ഐ.സി.യുവിലാണ്.
ശസ്ത്രക്രിയകൾ വിജയകരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ, മറ്റൊരാളുടെ അവയവം സ്വീകരിക്കുന്ന ശരീരം അതുമായി പൊരുത്തപ്പെടാൻ ഇനിയും മണിക്കൂറുകളെടുക്കും.ശ്രേയ കണ്ണ് തുറന്നെന്നും അച്ഛാ,അമ്മേ എന്നു വിളിച്ചെന്നും പിതാവ് സജി പറഞ്ഞു. ധ്രിയ മയക്കത്തിലാണെന്നും രണ്ടുദിവസം കഴിഞ്ഞേ കണ്ണ് തുറക്കൂവെന്നും ഡോക്ടർമാർ പറഞ്ഞതായി അച്ഛൻ ബൈജു പറഞ്ഞു.
ശ്രേയയും ധ്രിയയും തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശികളാണ്. ഇരുവരുടേയും മാതാപിതാക്കൾ കൂലിപ്പണിക്കാരാണ്. ആലിന്റെ മാതാപിതാക്കളോട് എത്ര നന്ദിപറഞ്ഞാലും മതിയാകില്ലെന്നും അവരുടെ വേദനയിൽ പങ്കുചേരുന്നതായും ശ്രേയയുടെ അച്ഛൻ സജി പറഞ്ഞു. ആരോഗ്യനില മെച്ചപ്പെട്ടശേഷം മകളുമായി ആലിന്റെ മാതാപിതാക്കളെ കാണുമെന്നും അദ്ദേഹം പറഞ്ഞു. മകളുടെ തിരിച്ചുവരവിനായി നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് ധ്രിയയുടെ പിതാവ്.