പൊലീസ് സ്റ്റേഷന് മുന്നിൽ എസ്.ഐയ്ക്ക് കുത്തേറ്റു, പ്രതി പിടിയിൽ

Sunday 15 February 2026 2:08 AM IST

കോഴിക്കോട്: ടൗൺ പൊലീസ് സ്റ്റേഷന് മുന്നിൽ എസ്.ഐ ഷാഫിക്ക് കുത്തേറ്റു. പ്രതി വെസ്റ്റ്ഹിൽ സ്വദേശി പ്രമോദ് പിടിയിലായി. സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ ചായ കുടിക്കാനെത്തിയതായിരുന്നു എസ്.ഐ. അതിനിടെ ഹോട്ടൽ സപ്ളൈയറും പ്രതിയും തമ്മിൽ വാക്കുതർക്കം ഉണ്ടായതോടെ എസ്.ഐ ഇടപെട്ടു. പ്രമോദിനോട് ശബ്ദമുയർത്തി സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടു. അതോടെ പ്രമോദ് എസ്.ഐയോട് തട്ടിക്കയറി. തുടർന്ന് എസ്.ഐ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് പ്രതി പിന്നിൽ നിന്നെത്തി കുത്തിയത്.

പരിക്കേറ്റ എസ്.ഐയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി. ഡെപ്യൂട്ടി കളക്ടറെ കുത്തിയ കേസിലടക്കം പ്രതിയാണ് മാവോയിസ്റ്റ് പ്രമോദ് എന്നറിയപ്പെടുന്ന പ്രതി.