മാളിലെ എസ്എഫ്ഐ പ്രവ‌ർത്തകരുടെ മർദ്ദനം;പൊലീസുകാരനും സഹോദരിക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്

Sunday 15 February 2026 8:30 AM IST

തിരുവനന്തപുരം: ട്രാവൻകൂർ മാളിൽ പൊലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് തല്ലിയ സംഭവത്തിൽ വിചിത്ര നീക്കവുമായി പൊലീസ്. എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ മിഥുൻ റോയിക്കാണ് (33) മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. മിഥുനും സഹോദരിയും അച്ഛന്റെ ഓർമദിനത്തോടനുബന്ധിച്ച് മാളിൽ സാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു. ഇതിനിടയിലാണ് എസ്എഫ്ഐ പ്രവർത്തകർ അസഭ്യം പറഞ്ഞ് മിഥുനെ പ്രകോപിതനാക്കാൻ ശ്രമിച്ചത്. പിന്നാലെ മിഥുനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ എസ്എഫ്ഐ പ്രവർത്തകർ തന്നെയാണ് പുറത്തുവിട്ടത്.

സംഭവത്തിൽ മിഥുന്റെ പരാതിയിലും എസ്എഫ്ഐ പ്രവർത്തകരുടെ പരാതിയിലും വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ മിഥുനും സഹോദരിയും ആയുധമുപയോഗിച്ച് ആക്രമിച്ചെന്നാണ് എഫ്ഐആറിലുള്ളത്. പൊലീസുകാരൻ ഇടിവള ഉപയോഗിച്ച് പ്രവർത്തകരുടെ മുഖത്തും നെഞ്ചത്തും ഇടിച്ചെന്നും സഹോദരി അടിച്ചുകൊല്ലാൻ പറഞ്ഞെന്നും എഫ്ഐആറിൽ പറയുന്നു. ഇതനുസരിച്ച് മിഥുനും സഹോദരിക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് മിഥുനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ആരോപണമുയരുന്നുണ്ട്.

അതേസമയം, മിഥുൻ നൽകിയ പരാതിയിൽ കേസെടുത്തെങ്കിലും പൊലീസ് എസ്എഫ്ഐ പ്രവ‌ർത്തകർക്കെതിരെ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ദൃശ്യങ്ങൾ പരിശോധിച്ച് സാക്ഷി മൊഴി എടുത്തതിനുശേഷമാകും തുടർനടപടി ഉണ്ടാകുകയെന്നാണ് വഞ്ചിയൂർ പൊലീസ് പറയുന്നത്. എസ്എഫ്ഐക്കാരുടെ പരാതിയിൽ പൊലീസുകാരനെതിരെ കേസെടുത്ത നടപടിയിൽ സേനയ്ക്കുള്ളിൽ വൻതോതിൽ അമർഷമുയരുകയാണ്. ഉന്നത ഉദ്യോഗസ്ഥർ അടക്കം പല പൊലീസുകാരും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം പൊലീസ് ട്രെയിനിംഗ് കോളേജിൽ നടക്കുന്നതിനിടെയാണ് സംഭവം. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ വിഷയം ഉന്നയിക്കാനാണ് ഒരു വിഭാഗം പൊലീസുകാരുടെ തീരുമാനം.

കഴിഞ്ഞ ഡിസംബർ 31ന് പുതുവത്സരാഘോഷത്തിനിടെ ശംഖുംമുഖത്തെത്തിയ എസ്എഫ്ഐ പ്രവർത്തകരും, മിഥുൻ ഉൾപ്പെടെയുള്ള പൊലീസുമായി ഉന്തുംതള്ളുമുണ്ടായിരുന്നു. അന്ന് പൊലീസ് ലാത്തി വീശുകയും ചെയ്തു. ഇതിന്റെ പ്രതികാരമാണ് ഇന്നലത്തെ സംഭവത്തിന് പിന്നിലെന്നാണ് വിവരം. ശംഖുംമുഖത്തെ സംഭവത്തിനുശേഷം മിഥുൻ മെഡിക്കൽ അവധിയിലാണിപ്പോൾ.

'നിന്റെ തിളപ്പ് മാറിയോ, ഇപ്പോൾ അടിക്കണ്ടേ '...എന്ന് ചോദിച്ചാണ് എസ്എഫ് ഐക്കാർ മിഥുനുമായി ഏറ്റുമുട്ടിയത്. മിഥുൻ നടന്ന് മാളിലെ കടയ്ക്കുള്ളിൽ കയറിയെങ്കിലും അവിടെ വച്ചും ഉന്തും തള്ളുമായി. സംഘത്തിലുണ്ടായിരുന്ന ഒരാൾ ചാടിച്ചവിട്ടി. മിഥുൻ മറിഞ്ഞ് സാധനങ്ങൾക്ക് പുറത്തുകൂടി വീണു. ഇതോടെ മാളിലുണ്ടായിരുന്നവരെല്ലാം പരിഭ്രാന്തരായി ഓടിക്കൂടി. മിഥുനും തിരിച്ചടിച്ചു. ഈ സമയം അവിടെയുണ്ടായിരുന്ന സുരക്ഷാജീവനക്കാർ ഇവരെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും ഫലം കണ്ടില്ല. പിന്നാലെ കൂടുതൽ സുരക്ഷാ ജീവനക്കാരെത്തി ഏറെനേരം പണിപ്പെട്ടാണ് സ്ഥിതി ശാന്തമാക്കിയത്‌