ശബരിമല കൊടിമര പുനർനിർമാണം; മൊഴി നൽകി സിനിമാ പ്രവർത്തകർ
തിരുവനന്തപുരം: ശബരിമല കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള കേസിൽ വിജിലൻസിന് മൊഴി നൽകി സിനിമാ പ്രവര്‍ത്തകര്‍. കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നൽകിയ സംവിധായകൻമാരായ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്‍ കുമാര്‍ എന്നിവരാണ് വിജിലൻസിന് മൊഴി നൽകിയത്. സ്വര്‍ണം സംഭാവന നൽകിയതിൽ മൊഴി നൽകാൻ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും വിജിലൻസിനെ അറിയിച്ചു. സ്വര്‍ണം സംഭാവനയായി നൽകിയ 27 പേരുടെ മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തുന്നത്.
2017ൽ നടന്ന കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് സ്വർണം സ്വീകരിച്ചതിൽ ഗുരുതരമായ ചട്ടലംഘനം നടന്നതായി നേരത്തെ ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. സുരേഷ് ഗോപി, ഗോകുൽ സുരേഷ്, സുധീർ കരമന, രഞ്ജി പണിക്കർ, സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ മുൻ അഡ്വക്കേറ്റ് കമ്മീഷണറായിരുന്ന എ എസ് പി കുറുപ്പ് സമർപ്പിച്ച പട്ടികയിൽ സുരേഷ് ഗോപിയുടെ പേര് മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്.
ഇതിൽ സുരേഷ് ഗോപി വിശദീകരണം നൽകിയിരുന്നു. കൊടിമരത്തിലെ വാജിവാഹനത്തിൽ താൻ തന്നെയാണ് സ്വർണപ്പാളി ഒട്ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അഷ്ടദിക്പാലക ശില്പങ്ങളിൽ തന്റെ മകൻ ഗോകുൽ സുരേഷും സംവിധായകൻ ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജി പണിക്കരും ചേർന്നാണ് സ്വർണം ഒട്ടിച്ചതെന്നും സുരേഷ് ഗോപി അറിയിച്ചിരുന്നു.