കേരളത്തിലെ കാലാവസ്ഥയിൽ മാറ്റം: രണ്ട് ജില്ലക്കാർക്ക് പ്രത്യേക നിർദ്ദേശം, ജോലി സമയം മാറും

Sunday 15 February 2026 9:36 AM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അൾട്രാവയലറ്റ് വികിരണത്തിന്റെ അളവ് ആശങ്കാജനകമായ രീതിയിൽ ഉയരുന്നതായി റിപ്പോർട്ട്. സൂര്യപ്രകാശമേൽക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഇടുക്കിയിലെ മൂന്നാർ, ആലപ്പുഴയിലെ ചെങ്ങന്നൂർ എന്നിവിടങ്ങളിൽ യുവി ഇൻഡക്സ് 8 രേഖപ്പെടുത്തിയതിനെത്തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചങ്ങനാശേരിയിൽ യുവി ഇൻഡക്സ് 7 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഠിനമായ വെയിൽ കാരണം തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാൻ സാദ്ധ്യതയുള്ളതിനാൽ, ലേബർ കമ്മിഷണർ ജോലി സമയം പുനഃക്രമീകരിച്ചു ഉത്തരവിറക്കിയിട്ടുണ്ട്.

പകൽ വെയിലത്ത് ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ നിർബന്ധിത വിശ്രമവേളയായിരിക്കും. രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണിവരെയുള്ള സമയത്തിനുള്ളിൽ എട്ടു മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കണം. ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3ന് മാത്രമേ ആരംഭിക്കാവൂ. അന്തരീക്ഷതാപം ഉയരുന്ന സാഹചര്യത്തിൽ ധാരാളം വെള്ളം കുടിക്കാനും, നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കാനും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.