മൂന്നാറിൽ വീണ്ടും 'പടയപ്പ'യുടെ വിളയാട്ടം; കാർ തകർത്തു, ബസിന്  നേരെയും  ആക്രമണം

Sunday 15 February 2026 10:53 AM IST

മൂന്നാർ: മൂന്നാറിൽ വീണ്ടും കാട്ടാനയാക്രമണം. മൂന്നാർ മറയൂർ റോഡിലാണ് ആക്രമണം ഉണ്ടായത്. ഈരാറ്റുപേട്ട സ്വദേശികളുടെ കാർ കാട്ടാന തകർത്തു. കാട്ടുകൊമ്പൻ പടയപ്പയാണ് കാർ ആക്രമിച്ചതെന്ന് യാത്രക്കാർ പറയുന്നു. ബസിന് നേരെയും ആക്രമണം ഉണ്ടായി.

മദപ്പാടിലാണ് പടയപ്പ എന്നാണ് വിവരം. ജനവാസ മേഖലയിൽ സ്ഥിരസാന്നിദ്ധ്യമായ കാട്ടുകൊമ്പൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മദപ്പാടിലായതോടെ പിൻവാങ്ങാതെ സ്വൈരവിഹാരം നടത്തുന്നത് നാട്ടുകാരെയും വനംവകുപ്പിനേയും ഒരേ പോലെ വലയ്ക്കുകയാണ്. അടുത്തിടെ ചൊക്കനാട് എസ്റ്റേറ്റിലെത്തിയ കാട്ടുകൊമ്പൻ തോട്ടം തൊഴിലാളികൾക്ക് നേരെ തിരിഞ്ഞതോടെ തൊഴിലാളികൾ ഭയന്നോടിയിരുന്നു. ലോക്ക് ഹോർട്ട് മേഖലയിൽ ഇറങ്ങിയ പടയപ്പ വഴിയോരക്കടയടക്കം തകർത്തു.

വനംവകുപ്പുദ്യോഗസ്ഥരും ആർ.ആർ.ടിയും കാട്ടാനയെ നിരീക്ഷിച്ച് വരുന്നുണ്ട്. ആനയുടെ സഞ്ചാര ദിശയടക്കമുള്ള വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ വനംവകുപ്പ് ശ്രമിക്കുന്നുണ്ട്. വിനോദ സഞ്ചാരികളോടും പ്രദേശവാസികളോടും ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവും വനംവകുപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷവും മദപ്പാടിന്റെ കാലയളവിൽ പടയപ്പ ആക്രമണ സ്വഭാവം പുറത്തെടുത്തിരുന്നു. പടയപ്പയെ കൂടാതെ മൂന്നാർ മേഖലയിൽ വിഹരിക്കുന്ന മറ്റ് ചില കാട്ടുകൊമ്പൻമാരും മദപ്പാടിലെന്നാണ് വിവരം.