പ്രേംകുമാറിനെ കോൺഗ്രസിലേക്ക്  എത്തിക്കാൻ നേതാക്കൾ; ചർച്ച നടത്തിയെന്ന് റിപ്പോർട്ട്

Sunday 15 February 2026 11:22 AM IST

തിരുവനന്തപുരം: നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് എത്തിക്കാൻ നേതാക്കൾ. ഇടതുസർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന പ്രേംകുമാറുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തുന്നുണ്ടെന്നാണ് വിവരം. എന്നാൽ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. തിരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്യാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ കൊച്ചിയിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. അവിടെ പ്രേംകുമാറിന്റെ വിഷയവും ചർച്ച ചെയ്യാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയത് മുതൽ അതൃപ്തനാണ് പ്രേംകുമാർ. ഇതിൽ സർക്കാരിനെതിരെ കഴിഞ്ഞദിവസം പ്രേംകുമാർ തുറന്നടിച്ചിരുന്നു. പാർട്ടി അംഗത്വമില്ലെങ്കിലും കഴിഞ്ഞ 35 വർഷമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പക്ഷത്ത് നിൽക്കുന്നയാളാണ് താനെന്ന് പ്രേംകുമാർ പറഞ്ഞിരുന്നു. ക‌ർഷക സമരത്തെക്കുറിച്ചും ഇന്ധന വില വർദ്ധനവിനെക്കുറിച്ചുമടക്കമുള്ള തന്റെ ചില ലേഖനങ്ങൾ, തന്റെ നിലപാടുകൾ തുടങ്ങിയവ കണ്ടാണ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കണമെന്ന് കോടിയേരി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടത്. അങ്ങനെയാണ് ചുമതലയിലേയ്ക്ക് വന്നതെന്നും പ്രേംകുമാർ വ്യക്തമാക്കി.

വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് പിന്നീടാണ് ചെയർമാൻ സ്ഥാനത്തെത്തിയത്. പതിനായിരം രൂപയായിരുന്നു അന്ന് ഓണറേറിയം ലഭിച്ചത്. സിനിമ ചെയ്യാതെ പൂ‌ർണ സമയവും ഇതിനായി ചെലവഴിച്ചു. അത്രയും അർപ്പണബോധത്തോടെ ചെയ്ത പ്രവൃത്തിയിൽ നിന്ന് പറഞ്ഞുവിടുമ്പോൾ മാന്യതയുണ്ടാകണമെന്ന് പ്രേംകുമാർ ഇന്നലെയും മാദ്ധ്യമങ്ങളോട് ആവർത്തിച്ചിരുന്നു.

തുടർഭരണം പാടില്ലെന്ന് പറഞ്ഞ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ കെ. സച്ചിദാന്ദനെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കാത്തത് ഇരട്ട നീതിയാണെന്ന് പ്രേംകുമാർ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ആശാ സമരത്തെ അനുകൂലിച്ചതിന്റെ പേരിലാണ് തന്നെ ചലച്ചിത്ര അക്കാഡമി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത്. തനിക്ക് ഇല്ലാത്ത എന്തോ അദ്ഭുത സിദ്ധി സച്ചിദാനന്ദന് ഉണ്ടെന്നും പ്രേംകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു. ചലച്ചിത്ര മേളയുടെയും സിനിമാ അവാർഡ് നിർണയത്തിന്റെയും ഒരുക്കങ്ങൾക്കിടെ ഒരു അറിയിപ്പും കൂടാതെയാണ് തന്നെ മാറ്റിയതെന്നും പ്രേംകുമാർ ആരോപിച്ചിരുന്നു.