'മാറാത്തതായി ഒന്നുമില്ല'; ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കാതെ സിപിഎം

Sunday 15 February 2026 11:41 AM IST

തൃശൂർ: ശബരിമലയിലേക്ക് യുവതികൾക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെ നിലപാട് വ്യക്തമാക്കാതെ സിപിഎം. കോടതി വിധി ആദ്യം വരട്ടെയെന്നും മാറാത്തതായി ഒന്നുമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. വിശ്വാസികളോട് ഏറ്റവും കൂടുതൽ കൂറുള്ളത് ഞങ്ങൾക്കാണെന്നും ഗോവിന്ദൻ പറഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും ശബരിമല യുവതീ പ്രവേശന ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നതിനെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

'സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. മാറാത്തതായി ഒന്നുമില്ല. സർക്കാർ കോടതിയിൽ നിലപാടറിയിക്കും. വിശ്വാസികളുടെ നിലപാട് സംരക്ഷിക്കും. ജനാധിപത്യപരമായ ഉള്ളടക്കത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. രണ്ടും രണ്ടാണ്. ഞങ്ങൾക്കാണ് വിശ്വാസികളോട് ഏ​റ്റവും കൂടുതൽ കൂറുള്ളത്. ഞങ്ങൾ അന്ന് കോടതി പറഞ്ഞ നിലപാടാണ് എടുത്തത്. കയ​റ്റണ്ടെന്ന് പറഞ്ഞാൽ ആ നിലപാട് സ്വീകരിക്കും. കോടതിയുടെ തീരുമാനം വരട്ടെ'- ഗോവിന്ദൻ കൂട്ടിച്ചേർത്തു. ശബരിമല യുവതീ പ്രവേശനം വിവാദമാക്കി മാറ്റാനാഗ്രഹിക്കുന്ന ഒരുപാട് ശക്തികൾ കേരളത്തിലുണ്ടെന്നും എ വിജയരാഘവൻ ആരോപിച്ചു. സങ്കീർണമായ വിഷയമായതുകൊണ്ട് എല്ലാവരെയും കേട്ട് ഒരു പൊതുനിലപാടിൽ എത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 'കോടതി ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് കാര്യം. വിശ്വാസികളെയും ഇടതുപക്ഷത്തെയും ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ ഒരു അഭിപ്രായം പറയില്ല. വിശ്വാസികളുടെ കാര്യം പറയുമ്പോൾ കാണിക്കേണ്ട അവധാനതയുണ്ട്. വിശ്വാസികളെയും ഇടതുപക്ഷത്തെയും ഭിന്നിപ്പിക്കുന്ന തരത്തിലാണ് ശബരിമല വിഷയം കേരളത്തിൽ കൈകാര്യം ചെയ്യപ്പെട്ടത്. വലതുപക്ഷ രാഷ്ടീയത്തിന് ലാഭമുണ്ടാക്കുന്ന തരത്തിൽ ഒരു അഭിപ്രായ രൂപീകരണം നടത്തുകയെന്ന ഉദ്ദേശം ഇപ്പോഴില്ല. യുവതീ പ്രവേശന കാര്യത്തിൽ ഒരു നിലപാട് എടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല'- വിജയരാഘവൻ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വിജയരാഘവൻ പ്രതികരിച്ചു. ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ടിനെ വർണ്ണശബളമാക്കുകയാണ് ചില മാദ്ധ്യമങ്ങളെന്നും വിഷയത്തിന് ആധാരമായ ഏതെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനല്ല ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഓഡിറ്റിന്റെ മൂലയിൽ നിന്ന് ഒരു ഭാഗം എടുത്ത് വാർത്തയാക്കുകയാണെന്നും അതിന്റെ വിശദീകരണം ദേവസ്വം ബോർഡ് കൊടുത്തിട്ടുണ്ടെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാറിന്റെ അതൃപ്തിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിലും അദ്ദേഹം പ്രതികരിച്ചു. പ്രേംകുമാർ എല്ലാ കാലത്തും കേരളത്തിലെ പുരോഗമന പക്ഷത്ത് നിന്നിട്ടുള്ള ആളാണെന്നും അദ്ദേഹം ഒരു വലതുപക്ഷക്കാരനായി പോയേക്കാമെന്ന് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.