ട്രെയിനിൽ റിസർവേഷൻ ചെയ്താലും ചിലപ്പോൾ സീറ്റ് നഷ്ടമാകാം; പുതിയ നിബന്ധന അറിഞ്ഞിരിക്കണം

Sunday 15 February 2026 12:10 PM IST

തിരുവനന്തപുരം: ട്രെയിൻ ടിക്കറ്റ് റിസർവേഷനിൽ കർശന നിബന്ധനകളുമായി റെയിൽവേ. യാത്ര തുടങ്ങുന്ന സ്റ്റേഷനിൽ (ബോർഡിംഗ് സ്റ്റേഷനിൽ) നിന്നുതന്നെ കയറിയില്ലെങ്കിൽ റിസർവേഷൻചെയ്ത സീറ്റ് നഷ്ടപ്പെടുമെന്നാണ് മുന്നറിയിപ്പ്. റിസർവ് ചെയ്ത യാത്രക്കാരെ ടിടിഇ അടുത്ത സ്റ്റേഷൻ വരെ കാത്തുനിൽക്കില്ല. യാത്രക്കാരൻ ബോർഡിംഗ് സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറിയില്ലെങ്കിൽ ടിടിഇ ആ സീറ്റ് മറ്റാർക്കെങ്കിലും നൽകും.

ടിടിഇ മാർക്ക് ലഭിച്ച പുതിയ എച്ച് എച്ച് ടി (ഹാൻഡ് ഹെൽഡ് ടെർമിനൽസ്) ടാബ്‌ലെറ്റുകൾ ഉപയോഗിച്ച് ഇക്കാര്യം വേഗം തിരിച്ചറിയാം. ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാർ ട്രെയിനിൽ കയറിയില്ലെങ്കിൽ ഉടൻ തന്നെ ടാബ്‌ലെറ്റിൽ അത് രേഖപ്പെടുത്തും. മാത്രവുമല്ല ഉടൻതന്നെ ആ സീറ്റ് വെയിറ്റിംഗ് ലിസ്റ്റിലുള്ളവർക്കോ ആർഎസി യാത്രക്കാർക്കോ എച്ച്എച്ച്ടി സിസ്റ്റം നൽകും. നിങ്ങളുടെ സീറ്റ് മറ്റൊരാൾക്ക് നൽകിയാൽ ആ വിവരം എസ്എംഎസ് വഴി അറിയിക്കും. ടിക്കറ്റ് റിസർവ് ചെയ്യുമ്പോൾ സ്വന്തം ഫോൺ നമ്പർ നൽകാൻ ശ്രദ്ധിക്കുക.

സീറ്റ് നഷ്ടമാകാതിരിക്കാൻ ടിക്കറ്റിൽ രേഖപ്പെടുത്തിയ ബോർഡിംഗ് സ്റ്റേഷനിൽ നിന്ന് തന്നെ ട്രെയിനിൽ കയറുക. അല്ലെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപെങ്കിൽ ഐആർസിടിസി വെബ്സെെറ്റ് വഴിയോ ആപ്പ് വഴിയോ ബോർഡിംഗ് പോയിന്റ് മാറ്റി പുതിയ ബോർഡിംഗ് പോയിന്റ് നൽകണം.