കൊല്ലം അയത്തിൽ കാണാതായ വിദ്യാത്ഥികളുടെ മൃതദേഹം കണ്ടെത്തി
കൊല്ലം: പരവൂർ കടപ്പുറത്ത് കുളിക്കാനിറങ്ങുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് പുലർച്ചെ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ ലഭിച്ചത്. ബിപിൻ രാജ് (16), കണ്ണൻ രാജ് (16) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അഞ്ച് സുഹൃത്തുക്കളടങ്ങുന്ന സംഘം പൊഴിക്കര ദേവീക്ഷേത്രത്തിന് പിന്നിലെ കടൽത്തീരത്ത് കുളിക്കാനായി എത്തിയതായിരുന്നു. ഇതിൽ മൂന്ന് പേർ വെള്ളത്തിലിറങ്ങി. ശക്തമായ തിരയിൽപ്പെട്ട് മൂവരും ഒഴുക്കിൽപ്പെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന അബു താഹിർ എന്ന വിദ്യാർത്ഥിയെ അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. എന്നാൽ ബിപിനെയും കണ്ണനെയും കണ്ടെത്താനായില്ല. തുടർന്ന് കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും ഇന്ന് പുലർച്ചയോടെയാണ് മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞത്.
പൊഴിക്കര ദേവീക്ഷേത്രത്തിന് പിന്നിലെ പൊഴിമുഖം അതീവ അപകടം പിടിച്ച ഇടമാണെന്നും നാട്ടുകാർ സാധാരണഗതിയിൽ ഇവിടെ വെള്ളത്തിലിറങ്ങാറില്ലെന്നും പൊലീസ് പറഞ്ഞു. കടലിലിറങ്ങിയ മൂന്ന് കുട്ടികളും പരസ്പരം കൈകോർത്തു പിടിച്ചിരിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. രക്ഷപ്പെട്ട അബു താഹിർ പൊഴിമുഖത്തെ മണലിൽ കുടുങ്ങിയതാണ് രക്ഷാപ്രവർത്തകർക്ക് സഹായകമായത്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.