നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്? വാഗ്ദാനം ഉന്നത പദവി, കെസി വേണുഗോപാലിനെ കണ്ടേക്കും
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ ഇടതുപാളയം വിട്ട് കോൺഗ്രസിലേക്ക് ചേക്കേറുന്നതായി സൂചനകൾ. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായി പ്രേംകുമാർ പ്രാഥമിക ചർച്ചകൾ നടത്തിയതായാണ് വിവരം. നാളെ ഇരുവരും നേരിട്ട് കൂടിക്കാഴ്ച നടത്തിയേക്കുമെന്നും വിവരമുണ്ട്.
പ്രേംകുമാറിനെ പാർട്ടിയിലെത്തിക്കാൻ കോൺഗ്രസ് നേതൃത്വം നേരത്തെ തന്നെ ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നേരത്തെ അദ്ദേഹവുമായി സംസാരിച്ചിരുന്നെങ്കിലും അന്ന് താരം വ്യക്തമായ മറുപടി നൽകിയിരുന്നില്ല. എന്നാൽ നിലവിലെ സാഹചര്യങ്ങൾ മാറിയിരിക്കുകയാണ്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയതിലുള്ള അമർഷം പ്രേംകുമാർ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
കോൺഗ്രസിൽ ചേരുകയാണെങ്കിൽ ഉചിതമായ പദവികൾ നൽകുമെന്ന് നേതൃത്വം വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ടുകൾ. എന്നാൽ നിലവിൽ അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്ന് പ്രേംകുമാർ അറിയിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗത്വമെടുത്തിട്ടില്ലാത്ത ആളാണ്. നാളെ എന്ത് സംഭവിക്കുമെന്ന് മുൻകൂട്ടി പറയാനാകില്ല. സ്വതന്ത്രമായും നിർഭയമായും അഭിപ്രായങ്ങൾ പറയാനുള്ള സാഹചര്യം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.