കേരളത്തിൽ നിയമലംഘനങ്ങളുടെ പെരുമഴ: പ്രതിദിനം 27,000 കേസുകൾ; രാജ്യത്ത് രണ്ടാം സ്ഥാനത്ത്

Sunday 15 February 2026 4:41 PM IST

തിരുവനന്തപുരം: കേന്ദ്ര റോഡ് ഗതാഗതഹൈവേ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിലെ റോഡുകളിൽ ട്രാഫിക് നിയമലംഘനങ്ങൾ ആശങ്കാജനകമായ രീതിയിൽ തുടരുന്നു. പ്രതിദിനം ശരാശരി 27,000 നിയമലംഘനങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഒരു വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഇത് ഒരു കോടി പിന്നിടുമെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് 2025ൽ മാത്രം 1,00,53,983 ചലാനുകളാണ് സംസ്ഥാനത്ത് ഇഷ്യൂ ചെയ്തത്. ദേശീയ തലത്തിൽ ഗതാഗത നിയമലംഘനങ്ങളിൽ ഉത്തർപ്രദേശാണ് രാജ്യത്ത് ഒന്നാമത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ (2023-2025) 4.91 കോടി ചലാനുകളാണ് യുപിയിൽ നൽകിയത്.

മൂന്ന് വർഷത്തിനിടെ 3.25 കോടി ചലാനുകളുമായി കേരളം പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. തമിഴ്നാടാണ് (3.12 കോടി) തൊട്ടുപിന്നിലുള്ളത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നിയമലംഘനങ്ങളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

ഹെൽമെറ്റ് ഉപയോഗം കർശനമാക്കിയതും എഐ ക്യാമറകൾ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കിയതുമാണ് കേസുകൾ കുറയാൻ കാരണമായതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. നിയമങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾക്കിടയിലുണ്ടായ അവബോധം വരും വർഷങ്ങളിൽ കേസുകളുടെ എണ്ണം ഇനിയും കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.