വൈദ്യുത വാഹന വില്പനയിൽ വൻകുതിപ്പ്
കൊച്ചി: പുതുവർഷത്തിൽ വൈദ്യുത വാഹന വില്പനയിൽ വൻകുതിപ്പ്. ഇരുചക്രം മുതൽ ട്രക്കുകൾ വരെയുള്ള വാഹനവിഭാഗങ്ങളിൽ ശ്രദ്ധേയമായ വളർച്ചയാണ് ജനുവരിയിൽ വിപണി കൈവരിച്ചത്. ദേശീയപാതകളിലുൾപ്പെടെ അതിവേഗ ചാർജിംഗ് സ്‌റ്റേഷനുകൾ വ്യാപകമാകുന്നത് വിപണിക്ക് തുണയായിട്ടുണ്ട്. വൈദ്യുത വാഹനങ്ങളോട് ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന താത്പര്യമാണ് വിപണിയിൽ പ്രകടമാകുന്നതെന്ന് ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (എഫ്.എ.ഡി.എ) വിലയിരുത്തുന്നു. മുഴുവൻ വിഭാഗങ്ങളിലും മികച്ച വാർഷികവളർച്ചയാണ് കൈവരിച്ചത്. വൈദ്യുതി ഇരുചക്രവാഹന വിപണി 24.77 ശതമാനം വളർച്ചയാണ് 2025ൽ നേടിയത്.
നഗരയാത്രികർ വൈദ്യുതവാഹനങ്ങളിലേയ്‌ക്ക് തിരിയുന്നതിന്റെ സൂചന ഇത് നൽകുന്നു. ത്രിചക്ര വാഹനവിപണി 26.43 ശതമാനമാണ് വർദ്ധിച്ചത്. ചെലവ് കുറയ്‌ക്കാനും കൂടുതൽ വരുമാനം നേടാനുമുള്ള താത്പര്യമാണ് പ്രതിഫലിച്ചത്. കാറുകൾ ഉൾപ്പെടെ യാത്രാവാഹന വിപണി 54.75 ശതമാനമെന്ന ശ്രദ്ധേയമായ വളർച്ച നേടി. ദീർഘകാലനേട്ടങ്ങളും വിപുലമായ വൈദ്യുത കാറുകളുടെ ശ്രേണിയും ഉപഭോക്താക്കളെ ആകർഷിച്ചു. ബസുകൾ, കാറുകൾ എന്നിവയുൾപ്പെട്ട വാണിജ്യ വാഹനവിപണിയാണ് ഏറ്റവുമധികം വളർച്ച കൈവരിച്ചത്. 115.5 ശതമാനം വാർഷികവളർച്ച. ഏതാനും വർഷങ്ങളായി തുടർച്ചയായ വളർച്ച നേടുന്ന മേഖലയാണിത്. പൊതുയാത്ര, ചരക്കുനീക്കം എന്നിവയ്‌ക്ക് ദീർഘദൂര നഗരങ്ങളെ ബന്ധിപ്പിക്കാൻ വൈദ്യുത വാഹനങ്ങൾ വ്യാപകമാകുന്നതിന്റെ വ്യക്തമായ സൂചനയാണിത് നൽകുന്നത്.
ഇരുചക്രവാഹനം
2026 ജനുവരി - 1,22,812
2025 ജനുവരി- 98,427
വളർച്ച % - 24.77%
കാറുകൾ
2026 ജനുവരി - 18,470
2025 ജനുവരി - 11,935
വളർച്ച % - 54.75
ബസ്, ട്രക്ക്
2026 ജനുവരി - 2,060
2025 ജനുവരി- 956
വളർച്ച % - 115.5
മുച്ചക്രവാഹനം
2026 ജനുവരി- 75,767
2025 ജനുവരി - 59,930
വളർച്ച % - 26.43
ചാർജിംഗ് സംവിധാനങ്ങൾ വർദ്ധിക്കുന്നതോടെ വൈദ്യുത വാഹനങ്ങൾ സ്വീകരിക്കുന്നതിൽ വരുംവർഷങ്ങളിൽ കുതിപ്പ് നേടുമെന്നതിന്റെ സൂചനയാണിത്. പരിസ്ഥിതിസൗഹൃദവും സാമ്പത്തികനേട്ടവും ഉപഭോക്താക്കളിൽ വർദ്ധിക്കുന്ന വിശ്വാസവുമാണ് ഉയർന്ന വിൽപ്പനയിൽ പ്രതിഫലിക്കുന്നത്.
സി.എസ്. വിഗ്‌നേശ്വരൻ
പ്രസിഡന്റ്
ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ
മൊത്തം വാഹനവിപണിയിലും കുതിപ്പ്
രാജ്യത്തെ മൊത്തം വാഹന വിപണിയും കഴിഞ്ഞ ജനുവരിയിൽ മികച്ച വളർച്ച കൈവരിച്ചു. 27,22,558 വാഹനങ്ങളാണ് ജനുവരിൽ വിറ്റഴിച്ചത്. 2025 ജനുവരിയെ അപേക്ഷിച്ച് 17.61 ശതമാനം വളർച്ചയാണിത്. ജി.എസ്.ടിയിലെ ഇളവുൾപ്പെടെ സർക്കാർ നയപിന്തുണയും പ്രോത്സാഹനവും ഗ്രാമീണ മേഖലയിൽ നിന്ന് ആവശ്യകത വർദ്ധിച്ചതുമാണ് വളർച്ചയ്‌ക്ക് കരുത്തുപകർന്നത്. യാത്ര, ചരക്കുനീക്കം, ഉത്സവ വിവാഹ സീസണുകൾ എന്നിവയിലുണ്ടായ ഉണർവും വിപണിയെ സഹായിച്ചു.
2026 ജനുവരിയിലെ വില്പനയും വളർച്ചയും
വാഹനം - യൂണിറ്റ്- വളർച്ച %
ഇരുചക്രം -18,52,870 -20.82
കാറുകൾ- 5,13,475- 7.22
വാണിജ്യം -1,07,486- 15.07
മുച്ചക്രം- 1,27,134 -18.80
ട്രാക്‌ടർ- 1,14,759- 22.89