മാജെസ്റ്റർ പുറത്തിറക്കി എം.ജി മോട്ടോർ ഇന്ത്യ
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഡി പ്ളസ് വിഭാഗ എസ്.യു.വിയായ മാജെസ്റ്റർ ജെ.എസ്.ഡബ്ല്യൂ എം.ജി മോട്ടോർ പുറത്തിറക്കി. 41,000 രൂപയ്ക്ക് വെബ്‌സൈറ്റ് വഴി ഏപ്രിലിൽ പ്രീറിസർവേഷൻ ആരംഭിക്കും. മേയിൽ വിതരണം ആരംഭിക്കും. വാഹനത്തിന്റെ വില പിന്നീട് പ്രഖ്യാപിക്കും. 19 ഇഞ്ച് അലോയ് വീൽ, ലെവൽ 2 അഡാസ്, 10 ഓഫ് റോഡ് മോഡുകൾ, 12 സ്പീക്കർ മ്യൂസിക് സിസ്റ്റം എന്നിവ സവിശേഷതയാണ്. രണ്ടു ലിറ്റർ ട്വിൻ ടർബോ ഡീസൽ എൻജിനാണ് വാഹനത്തിനുള്ളത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള വാഹനം 4 X 4 സിസ്റ്റം സ്റ്റാൻഡേർഡാണ്. ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച വാഹനമാണ് വിപണിയിൽ എത്തിക്കുന്നത്. ഇന്ത്യൻ റോഡുകൾക്ക് ഏറെ അനുയോജ്യമായ എം.ജിയുടെ ഏറ്റവും കരുത്തുറ്റതും ഈടുനിൽക്കുന്നതുമായ പ്രീമിയം എസ്.യു.വിയാണ് മാജെസ്റ്റർ. എം.ജി മാജസ്റ്ററിലൂടെ കരുത്തുറ്റതും ആധുനിക സുഖസൗകര്യങ്ങളോട് കൂടിയതും മികച്ച എൻജിനീയറിംഗ് വൈദഗ്ദ്ധ്യമുള്ളതുമായ യഥാർത്ഥ എസ്.യു.വിയാണ് അവതരിപ്പിക്കുന്നതെന്ന് എം.ജി മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ അനുരാഗ് മെഹ്രോത്ര പറഞ്ഞു.