കുന്നത്തുനാട്ടിൽ ത്രികോണപ്പോര് മുറുകുന്നു
ട്വന്റി 20 - എൻ.ഡി.എ സഖ്യം നിർണായകം
കോലഞ്ചേരി: സംസ്ഥാനത്ത് ശ്രദ്ധേയമായ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായ കുന്നത്തുനാട്ടിൽ ശക്തമായ ത്രികോണമത്സരം ഉറപ്പായി. ട്വന്റി 20 പാർട്ടി എൻ.ഡി.എയുടെ ഘടകകക്ഷിയായ ശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. തുടർച്ചയായി നാലാം തവണയാണ് മണ്ഡലം പട്ടികജാതി - പട്ടികവർഗ സംവരണമാകുന്നത്.
സംവരണ മണ്ഡലമായ ശേഷം നടന്ന ആദ്യ രണ്ട് തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിലെ വി.പി. സജീന്ദ്രനായിരുന്നു വിജയം. എന്നാൽ മൂന്നാം തവണ സജീന്ദ്രനെ പരാജയപ്പെടുത്തി എൽ.ഡി.എഫിലെ പി.വി.ശ്രീനിജിൻ മണ്ഡലം പിടിച്ചെടുത്തു. അന്ന് ട്വന്റി 20 42,701 വോട്ടുകൾ നേടി ശക്തമായ സാന്നിദ്ധ്യമറിയിച്ചിരുന്നു. 2,715 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശ്രീനിജിൻ വിജയിച്ചത്. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിന്റെ ഗ്രാഫ് താഴേയ്ക്കായി.
ലോക്സഭയിൽ യു.ഡി.എഫിലെ ബെന്നി ബെഹനാൻ എം.പി കുന്നത്തുനാട് മണ്ഡലത്തിൽ നിന്ന് 52,523 വോട്ട് നേടിയപ്പോൾ, 46,163 വോട്ട് നേടിയ ട്വന്റി 20 രണ്ടാം സ്ഥാനത്തെത്തി. 39,089 വോട്ടുകൾ മാത്രം ലഭിച്ച എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിലും എൽ.ഡി.എഫ് മൂന്നാം സ്ഥാനത്താണ്.
ട്വന്റി 20ക്കിത് അഭിമാന പോരാട്ടം
നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിൽ സിറ്റിംഗ് എം.എൽ.എയെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് എൽ.ഡി.എഫ് നീക്കം. വി.പി. സജീന്ദ്രനെ തന്നെ രംഗത്തിറക്കി മണ്ഡലം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങളിലാണ് യു.ഡി.എഫ്. എൻ.ഡി.എ മുന്നണിക്കൊപ്പം ചേർന്ന ട്വന്റി 20യ്ക്ക് ഇത് അഭിമാന പോരാട്ടമാണ്. കുന്നത്തുനാട്ടിൽ ഉദയം കൊണ്ട പാർട്ടിക്ക് എൻ.ഡി.എയ്ക്ക് വേണ്ടി എം.എൽ.എയെ നൽകാനാവുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ 46,163 വോട്ടും എൻ.ഡി.എയുടെ 7,800 വോട്ടും ഉറപ്പിച്ച് നിറുത്താനായാൽ വിജയം കൈപ്പിടിയിലൊതുക്കാമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. എന്നാൽ എൻ.ഡി.എ പ്രവേശനത്തെച്ചൊല്ലി ട്വന്റി 20 അണികൾക്കിടയിലുള്ള മുറുമുറുപ്പ് തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയണം.
സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും
എൻ.ഡി.എ പ്രവേശനം തങ്ങൾക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫും എൽ.ഡി.എഫും. കിഴക്കമ്പലത്ത് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടാക്കിയ എൽ.ഡി.എഫ് - യു.ഡി.എഫ് ഐക്യം നിയമസഭാ തിരഞ്ഞെടുപ്പിൽ എന്തു പ്രതിഫലമുണ്ടാക്കുമെന്നതും കൗതുകകരമാണ്.
ഈ മാസം തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ഔദ്യോഗികമായി പ്രചാരണം ആരംഭിക്കാനാണ് ട്വന്റി 20യുടെ നീക്കം. യു.ഡി.എഫും ഈ മാസം തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.
വോട്ട് നില
2021: നിയമസഭ എൽ.ഡി.എഫ്: 52,351 യു.ഡി.എഫ്: 49,636 ട്വന്റി 20: 42,701
എൻ.ഡി.എ : 7056
2024: ലോക്‌സഭ യു.ഡി.എഫ്: 52,523 ട്വന്റി20: 46,163 എൽ.ഡി.എഫ്: 39,089
എൻ.ഡി.എ : 8145