ആ ഇന്ത്യന്‍ താരം കളിക്കണമെന്ന് ആഗ്രഹമെന്ന് പറഞ്ഞു, ആദ്യ ഓവറില്‍ തന്നെ വിക്കറ്റുമെടുത്ത് പാക് നായകന്‍

Sunday 15 February 2026 7:19 PM IST

കൊളംബോ: മത്സരത്തിന് തലേദിവസമായ ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ പാക് നായകന്‍ സല്‍മാന്‍ അലിയുടെ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. ഇന്ത്യന്‍ താരം അഭിഷേക് ശര്‍മ്മ പരിക്ക് കാരണം കഴിഞ്ഞ മത്സരത്തില്‍ കളിച്ചിരുന്നില്ല അദ്ദേഹത്തിന് സുഖമില്ല എന്നാണ് അറിയുന്നത് എന്ന് ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനുള്ള പാക് നായകന്റെ മറുപടി വൈറലാകുകയും ചെയിതിരുന്നു. പിന്നീട് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ മറുപടിയും ഏറെ ചര്‍ച്ചയായിരുന്നു.

അഭിഷേക് ശര്‍മ്മ മികച്ച താരമാണെന്നും അത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ് എന്നുമായിരുന്നു സല്‍മാന്‍ അലി ആഗ പറഞ്ഞത്. അദ്ദേഹം വളരെ വേഗം സുഖം പ്രാപിക്കട്ടേയെന്നും കളിക്കാന്‍ കഴിയട്ടെ എന്ന് പ്രതീക്ഷിക്കുന്നുവെന്നുമാണ് ആഗ പറഞ്ഞത്. അദ്ദേഹത്തിന് അഭിഷേക് ശര്‍മ്മ കളിക്കണമെന്നാണ് ആഗ്രഹമെങ്കില്‍ ഞങ്ങള്‍ അദ്ദേഹത്തെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താം എന്നായിരുന്നു സൂര്യകുമാര്‍ യാദവിന്റെ മറുപടി.

എന്നാല്‍ കളത്തിലേക്ക് വന്നപ്പോള്‍ ആദ്യ ഓവറില്‍ തന്നെ അഭിഷേക് ശര്‍മ്മ പുറത്തായി. നാല് പന്തുകള്‍ നേരിട്ട താരത്തിന് റണ്ണൊന്നും എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏവരേയും ഞെട്ടിച്ച് കൊണ്ട് ഒന്നാം ഓവര്‍ പന്തെറിയാന്‍ എത്തിയ പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ അലി ആഗ തന്നെയാണ് അഭിഷേക് ശര്‍മ്മയെ പുറത്താക്കിയത്. ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ അഭിഷേക് ശര്‍മ്മ മിഡ് ഓണില്‍ ഷഹീന്‍ ഷാ അഫ്രീദിക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ടൂര്‍ണമെന്റില്‍ കളിച്ച രണ്ട് കളികളിലും അഭിഷേക് ഡക്കായി.